< Back
India
വിജയനൃത്തവുമായി അതിഷി; കെജ്‌രിവാളടക്കം തോറ്റപ്പോഴുള്ള ആഘോഷത്തിനെതിരെ വിമർശനം
India

വിജയനൃത്തവുമായി അതിഷി; കെജ്‌രിവാളടക്കം തോറ്റപ്പോഴുള്ള ആഘോഷത്തിനെതിരെ വിമർശനം

Web Desk
|
9 Feb 2025 8:44 AM IST

അനുയായികൾക്കൊപ്പം ആതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

ന്യൂഡല്‍ഹി: കൽക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർ‌ശനം. ഭരണം പോയിട്ടും കെജ്‌രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

അതിഷിക്കെതിരെ എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ രംഗത്ത് എത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമര്‍ശനം. "എന്തൊരു നാണം കെട്ട പ്രകടനമാണിത്? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി മർലീന ഇങ്ങനെ ആഘോഷിക്കുകയാണോ?" നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച് സ്വാതി മലിവാൾ എക്സില്‍ കുറിച്ചു.

അനുയായികൾക്കൊപ്പം ആതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതേസമയം കടുത്ത പോരാട്ടത്തിനൊടുവിൽ 52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.

വാശിയേറിയ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് തകർപ്പൻ വിജയമാണ് ബിജെപി നേടിയത്. 27 വർഷത്തിനുശേഷമാണ് ഡൽഹിയിൽ ബിജെപിയുടെ തിരിച്ചുവരവ്. 48 സീറ്റുകളിലാണ് ബിജെപി ജയം ഉറപ്പിച്ചത്. ആംആദ്മി 22 സീറ്റിൽ ഒതുങ്ങി. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ ആപിന്റെ പ്രമുഖ നേതാക്കൾ പരാജയപ്പെട്ടു.

Similar Posts