< Back
India
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ
India

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ

Web Desk
|
20 Aug 2025 10:38 AM IST

രാജ്‌കോട്ട് സ്വദേശി രാജേഷ് സക്രിയയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയത്

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം. തിങ്കളാഴ്ചയാണ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രേഖ ഗുപ്തക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

രാജ്‌കോട്ട് സ്വദേശി രാജേഷ് സക്രിയയാണ് മുഖ്യമന്ത്രിക്ക് നേരെ ആക്രമണം നടത്തിയത്. പരിപാടിക്കിടെ ഭാരമുള്ള വസ്തു രേഖ ഗുപ്തയ്ക്ക് നേരെ എറിയുകയായിരുന്നു. പരാതികളാണെന്ന് പറഞ്ഞ് രേഖാ ഗുപ്തയ്ക്ക് ചില രേഖകൾ കൈമാറിയ ശേഷമാണ് യുവാവിന്റെ അക്രമണമുണ്ടായത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവസമയം സ്ഥലത്തുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അക്രമണത്തിന്റെ കാരണമെന്താണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ബിജെപി അപലപിച്ചു. അതേസമയം, അക്രമണത്തെ അപലപിച്ച കോൺഗ്രസ് ഡൽഹിയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉന്നയിച്ചു. മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഡൽഹി കോൺഗ്രസ് നേതാവ് ദേവേന്ദർ യാദവ് പറഞ്ഞു. ആംആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അതിഷി ആക്രമണത്തെ അപലപിച്ച് എക്‌സിൽ പോസ്റ്റ് ചെയ്തു.

Similar Posts