< Back
India
6 Gujarat girls jumped from running truck
India

പീഡനശ്രമം: ഗുജറാത്തിൽ ഓടുന്ന ട്രക്കിൽനിന്ന് എടുത്തുചാടി ആറ് പെൺകുട്ടികൾ

Web Desk
|
3 Jan 2024 8:38 PM IST

ഇവരുടെ പണവും സാധനങ്ങളും അക്രമികൾ തട്ടിയെടുത്തു

അഹമ്മദാബാദ്: ഡ്രൈവറും മറ്റു യാത്രക്കാരും പീഡിപ്പിക്കാൻ ശ്രമിച്ചതോടെ, ഓടുന്ന ട്രക്കിൽനിന്ന് എടുത്തുചാടി ആറ് സ്കൂൾ വിദ്യാർഥിനികൾ. ഗുജറാത്തിലെ ഛോട്ടാഡെപുർ ജില്ലയിലാണ് സംഭവം. വിദ്യാർഥിനികൾ എടുത്തുചാടിയതോടെ ട്രക്ക് ഡ്രൈവർ സുരേഷ് ബില്ലിന്റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം മറിയുകയും ചെയ്തതായി ജില്ല പൊലീസ് സൂപ്രണ്ട് ഇംതിയാസ് ഷെയ്ഖ് പറഞ്ഞു. പ്രതികളിലൊരാളായ വാഹന ഉടമ അശ്വിൻ ഭില്ലിനെ അപകടശേഷം സംഭവസ്ഥലത്ത് നിന്ന് പിടികൂടി.

15 മുതൽ 17 വരെ വയസ്സുള്ള പെൺകുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് ചെറിയ പരിക്ക് മാത്രമാണ് സംഭവിച്ചത്. ഇവരുടെ പണവും സാധനങ്ങളും അക്രമികൾ തട്ടിയെടുത്തായും ​പൊലീസ് പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്കെതിരെ പോക്സോ, കവർച്ച തുടങ്ങിയ കേസുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഡ്രൈവർ സുരേഷ് ഭിൽ, അർജുൻ ഭിൽ, പരേഷ് ഭിൽ, സുനിൽ ഭിൽ, ഷൈലേഷ് ഭിൽ എന്നിവരെ ഇനിയും പിടികൂടാനുണ്ട്.

ഛോട്ടാഡെപുർ ജില്ലയിലെ സംഖേദ താലൂക്കിലെ ഗ്രാമീണ റോഡിലാണ് സംഭവം. സംഖേദ താലൂക്കിലെ ഗ്രാമത്തിലാണ് പെൺകുട്ടികൾ താമസിക്കുന്നത്. ഇവരുടെ വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് സ്കൂൾ. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്താൻ പിക്കപ്പ് ട്രക്കിൽ കയറുകയായിരുന്നു ഇവർ.

യാത്രക്കിടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ സുരേഷും മറ്റുള്ളവരും ചേർന്ന് ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ പെൺകുട്ടികൾ വാഹനത്തിൽനിന്ന് എടുത്തുചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിൽ അഞ്ച് പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ അശ്വിൻ ഭില്ലിന് രക്ഷപ്പെടാൻ സാധിച്ചില്ല. നിസാര പരിക്കേറ്റ പെൺകുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts