< Back
India
ഇരട്ട പാൻ കാർഡ്: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

Azam Khan & Son | Photo | Live Law

India

ഇരട്ട പാൻ കാർഡ്: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

Web Desk
|
17 Nov 2025 6:23 PM IST

അധികാരത്തിന്റെ ബലത്തിൽ അനീതിയും അടിച്ചമർത്തലുമായി മുന്നോട്ടുപോകുന്നവർ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് ഫേസ്ബുക്കിൽ കുറിച്ചു

ലഖ്‌നൗ: വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് പാൻ കാർഡുകൾ കൈവശംവെച്ചതിന് സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ, മകൻ അബ്ദുല്ല എന്നിവർക്ക് ഏഴ് വർഷം തടവ്. രാംപൂരിലെ എംപി/എംഎൽഎ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2019ൽ ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് ഇവർക്കെതിരെ പരാതി നൽകിയത്. അബ്ദുല്ല അസം ഖാന് രണ്ട് പാൻ കാർഡുകൾ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഒന്ന് 1993 ജനുവരി ഒന്നിനും മറ്റൊന്ന് 1990 സെപ്റ്റംബർ 30നും ആണ്. 2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 25 വയസ്സ് തികഞ്ഞുവെന്ന് കാണിക്കാൻ രണ്ടാമത്തെ ജനനതീയതി കെട്ടിച്ചമച്ചതാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

വ്യാജ രേഖകൾ നിർമിക്കാനും ഉപയോഗിക്കാനും ബാങ്ക് രേഖകൾ മാറ്റാനും അസം ഖാൻ മകനുമായി ഗൂഢാലോചന നടത്തിയെന്നാണ് കോടതി കണ്ടെത്തൽ. അബ്ദുല്ല പിന്നീട് വിജയിച്ച സ്വാർ അസംബ്ലി സീറ്റിലേക്കുള്ള നാമനിർദേശത്തിന് മുന്നോടിയായി പഴയ പാൻ കാർഡിന് പകരം പുതിയ പാൻ കാർഡ് നൽകുന്നതിനാണ് ഇത് ചെയ്തതെന്നാണ് വാദം.

ബാങ്ക് രേഖകളും ഇൻകംടാക്‌സ് വിവരങ്ങളുമെല്ലാം വിശദമായി പരിശോധിച്ചാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്ന് സ്‌പെഷ്യൽ ജഡ്ജി ശോഭിത് ബൻസാൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471, 120ബി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

അസം ഖാനും മകനുമെതിരായ കോടതി വിധിയോ രൂക്ഷമായാണ് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്. അധികാരത്തിന്റെ ബലത്തിൽ അനീതിയും അടിച്ചമർത്തലുമായി മുന്നോട്ടുപോകുന്നവർ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് അഖിലേഷ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാം...എല്ലാം...കാണുന്നുണ്ടൈന്നും അദ്ദേഹം പറഞ്ഞു.

Similar Posts