
മന്ത്രിവസതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട ബാഗിൽ ബോംബെന്ന് അഭ്യൂഹം; പരിഭ്രാന്തി...; പരിശോധനയിൽ വൻ ട്വിസ്റ്റ്
|മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഉടൻ തന്നെ സ്ഥലത്തേക്ക് ഇരച്ചെത്തി പ്രദേശം വളഞ്ഞു.
മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്കും കോടതികൾക്കും ആശുപത്രികൾക്കും നേരെയുൾപ്പെടെ വ്യാജ ബോംബ് ഭീഷണികൾ പതിവാണ്. നിരവധി പേരെ പരിഭ്രാന്തിയിലാഴ്ത്തുകയും പരിശോധന നടത്തുകയും ചെയ്ത ശേഷം പേടിക്കാൻ ഒന്നുമില്ലെന്ന് വ്യക്തമാവുകയുമാണ് സാധാരണ കാഴ്ച. എന്നാൽ അത്തരമൊരു വ്യാജ ബോംബ് ഭീഷണി പോലും ഇല്ലാതിരുന്നിട്ടും മന്ത്രിയും ഉദ്യോഗസ്ഥരും പോലും ഒന്ന് വിരണ്ട സംഭവമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. ഒടുവിലുണ്ടായതോ, വൻ ട്വിസ്റ്റ്...
മന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ആണ് എല്ലാവരെയും ഒന്ന് പേടിപ്പിച്ചത്. സൗത്ത് മുംബൈയിലെ മന്ത്രി ബംഗ്ലാവിന് സമീപമാണ് ബാഗ് കണ്ടെത്തിയത്. ബാഗിൽ ബോംബാണെന്ന അഭ്യൂഹം പരന്നതോടെ പൊലീസുൾപ്പെടെയെത്തി പരിശോധനയാരംഭിച്ചു. ഒടുവിൽ പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നും ഇല്ലെന്ന് വ്യക്തമാവുകയും ചെയ്തു.
ഞായറാഴ്ച രാവിലെ 9.30ഓടെയാണ്, മന്ത്രി നിതേഷ് റാണെയുടെ മറൈൻ ഡ്രൈവിലെ ബംഗ്ലാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ തൊട്ടടുത്തുള്ള സെർവന്റ് ക്വാർട്ടേഴ്‌സിന് സമീപം ഒരു ബാഗ് കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്.
മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഉടൻ തന്നെ സ്ഥലത്തേക്ക് ഇരച്ചെത്തി പ്രദേശം വളഞ്ഞു. ബോംബ് പ്രതീക്ഷിച്ച് അതീവ ശ്രദ്ധയോടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് ഒരു ജോഡി ഷൂസും വസ്ത്രങ്ങളും ഒരു കുറിപ്പും. ഷൂസും വസ്ത്രങ്ങളും സൗജന്യം, ആർക്കു വേണമെങ്കിലും എടുക്കാം- എന്നായിരുന്നു അതിലെഴുതിയിരുന്നത്.
തുടർന്ന്, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ബാഗിന്റെ ഉടമയെയും തിരിച്ചറിഞ്ഞു. 40കാരനായ യുഎസ് പൗരനാണ് ബാഗ് ഉപേക്ഷിച്ചുപോയതെന്ന് വ്യക്തമായി. അപ്പോഴേക്കും ആ വിനോദസഞ്ചാരി ഗോവയിൽ എത്തിയിരുന്നു. മുംബൈയിലെത്തിയപ്പോൾ, മറൈൻ ഡ്രൈവ് പ്രദേശത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഗോവയിലേക്ക് പോകുന്നതിനുമുമ്പ്, മന്ത്രിയുടെ ബംഗ്ലാവിലെ സെർവന്റ് ക്വാർട്ടേഴ്‌സിന് സമീപം ബാഗ് വയ്ക്കുകയും അതിലുള്ള തന്റെ സാധനങ്ങൾ ആർക്കും എടുക്കാമെന്ന് കുറിപ്പെഴുതിവയ്ക്കുകയുമായിരുന്നു. ബാഗിൽ സംശയാസ്പദമായി ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രദേശം വൃത്തിയാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.