< Back
India
ബംഗളൂരു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിന് പകരം   ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷണര്‍
India

ബംഗളൂരു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷണര്‍

റിഷാദ് അലി
|
19 Jan 2026 6:24 PM IST

ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കമ്മീഷണർ

ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കീഴിൽ രൂപവത്കരിച്ച അഞ്ച് കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുകയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജിഎസ് സംഗ്രേഷി പറഞ്ഞു. ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും കമ്മീഷണർ പറഞ്ഞു. മേയ് 25ന് ശേഷമാകും തെരഞ്ഞെടുപ്പ്.

ബാലറ്റ് പേപ്പറുകളോ അല്ലെങ്കിൽ ഇവിഎമ്മുകളോ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ നിയമം അനുശാസിക്കുന്നതിനാൽ കമ്മീഷന് തീരുമാനമെടുക്കാനുള്ള വിവേചനാധികാരമുണ്ടെന്നും കമ്മീഷണർ പറഞ്ഞു. വെബ് ക്യാമറകളും സിസിടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കള്ളവോട്ട് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് പൊലീസ് സേനയെ ഉപയോഗിച്ച് മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

2025ലാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി(ജിബിഎ)യുടെ കീഴിൽ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നീ അഞ്ച് പുതിയ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചത്. കരട് വോട്ടർ പട്ടികയിൽ ആകെ 88,91,411 വോട്ടർമാരുണ്ട്. അഞ്ച് കോർപറേഷനുകളുടെ അധികാരപരിധിയിൽ ആകെ 369 വാർഡുകളാണ് രൂപവത്കരിച്ചത്.

ബംഗളൂരു വെസ്റ്റ് മുനിസിപ്പൽ കോർപറേഷന്റെ 23-ാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്- 49,530. ബംഗളൂരു ഈസ്റ്റ് മുനിസിപ്പൽ കോർപറേഷന്റെ 16-ാം വാർഡിലാണ് ഏറ്റവും കുറവ്-10,926. ആകെ 369 വാർഡുകളിലായി 8,044 പോളിംഗ് ബൂത്തുകൾ ഉണ്ടാകുമെന്ന് കമ്മീഷണർ പറഞ്ഞു.

Similar Posts