India
ഐ ലൗ മുഹമ്മദ് ക്യാമ്പയിൻ: ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷൻ തൗഖീർ റാസ അറസ്റ്റിൽ

Maulana Tauqeer Raza | Photo | Ajthak

India

'ഐ ലൗ മുഹമ്മദ്' ക്യാമ്പയിൻ: ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷൻ തൗഖീർ റാസ അറസ്റ്റിൽ

Web Desk
|
27 Sept 2025 7:11 PM IST

ബറേലി സംഘർഷത്തിൽ ഇരുനൂറോളം മുസ്‌ലിം യുവാക്കളെ പ്രതി ചേർത്ത് യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു

ലഖ്‌നൗ: 'ഐ ലൗ മുഹമ്മദ്' ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബറേലിയിലുണ്ടായ സംഘർഷത്തിൽ പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനുമായ തൗഖീർ റാസയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ബറേലി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനക്കൊടുവിലാണ് തൗഖീർ റാസയെ അറസ്റ്റ് ചെയ്തത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പൊതുപരിപാടികളോ പ്രതിഷേധ റാലികളോ നടത്തരുതെന്ന് റാസയുടെ പ്രതിനിധികളെ അറിയിച്ചിരുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് സിങ് പറഞ്ഞു. അവർ ഇത് സമ്മതിക്കുകയും പ്രതിഷേധ മാർച്ച് നടത്തില്ലെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഒരുസംഘം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതാണ് സംഘർഷത്തിന് കാരണമായതെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേസെടുത്തതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് ആര്യ പറഞ്ഞു. ജുമുഅക്ക് ശേഷം ഭൂരിഭാഗം ആളുകളും സമാധാനപരമായി പിരിഞ്ഞുപോവുകയായിരുന്നു. കുറഞ്ഞ ആളുകളാണ് മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘർഷത്തിന് പിന്നിൽ ബാഹ്യശക്തികൾ പ്രവർത്തിച്ചതായി സംശയമുണ്ടെന്നും എസ്എസ്പി പറഞ്ഞു.

150- 200 മുസ്‌ലിംകളെ പ്രതിചേർത്താണ് എഫ്‌ഐആർ തയ്യാറാക്കിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സമാധാനഭംഗം വരുത്താനായി നിയമവിരുദ്ധമായി സംഘം ചേരൽ, അധികൃതരുടെ ഉത്തരവുകൾ ലംഘിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

മുസ്‌ലിം സമുദായത്തെ ഭീഷണിപ്പെടുത്താനും പ്രതിഷേധങ്ങളെ നിശബ്ദരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമുദായ നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചു.

Similar Posts