< Back
India
ജീവിച്ചിരിപ്പുണ്ടായിരുന്നു​വെങ്കിൽ സുഭാഷ് ചന്ദ്രബോസിനെയും പൗരത്വം​ തെളിയിക്കാൻ വിളിച്ചുവരുത്തുമായിരുന്നോ​?: മമത ബാനർജി
India

ജീവിച്ചിരിപ്പുണ്ടായിരുന്നു​വെങ്കിൽ സുഭാഷ് ചന്ദ്രബോസിനെയും പൗരത്വം​ തെളിയിക്കാൻ വിളിച്ചുവരുത്തുമായിരുന്നോ​?: മമത ബാനർജി

ലാൽകുമാർ
|
24 Jan 2026 4:38 PM IST

എസ്‌ഐആറിന്റെ പേരിൽ നടക്കുന്നത് പൈശാചികതയാണെന്നും മമത പറഞ്ഞു

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പൗരത്വവും വോട്ടവകാശവും തെളിയിക്കാൻ അദ്ദേഹത്തെയും ഹിയറിങിന് വിളിക്കുമായിരുന്നോ എന്ന് മമത ബാനർജി.

സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മമതയുടെ ചോദ്യം. വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടിക്കെതിരെ കടുത്ത വിമർശനമാണ് മമത ഉന്നയിച്ചത്. ബംഗാളിൽ എസ്‌ഐആറിന്റെ പേരിൽ നടക്കുന്നത് പൈശാചികതയാണെന്നും ഇതിനകം 110ലധികം പേരുടെ ജീവൻ നഷ്ടപ്പട്ടതായും മമത പറഞ്ഞു.

"നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, പൊരുത്തക്കേടിന്റെ പേരിൽ അദ്ദേഹത്തെ എസ്‌ഐആർ ഹിയറിംഗിന് വിളിപ്പിക്കുമായിരുന്നോ?, ഒരു ഇന്ത്യക്കാരനാണോ അല്ലയോ എന്ന് അദ്ദേഹത്തോട് ചോദിക്കുമായിരുന്നോ?" തുടങ്ങിയ ചോദ്യങ്ങളും മമത ഉന്നയിച്ചു. നേതാജിയുടെ അനന്തരവൻ ചന്ദ്രബോസിനു ലഭിച്ച ഹിയറിങ് നോട്ടീസ് ഉന്നയിച്ചുകൊണ്ടായിരുന്നു ചോദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും മുൻ ബിജെപി നേതാവുമായ ചന്ദ്രബോസും ഇതേ വേദിയിൽ ഉണ്ടായിരുന്നു. കൊച്ചുമകനും ചരിത്രകാരനുമായ മുൻ എംപി സുഗത ബോസും ച‍ടങ്ങിൽ പങ്കെടുത്തു.

നൊബേൽ സമ്മാന ജേതാവ് അമർത്യ സെന്നിന് അയച്ച നോട്ടീസുകളെക്കുറിച്ചും മമത പരാമർശിച്ചു.മാതാപിതാക്കൾ തമ്മിലുള്ള പ്രായവ്യത്യാസം കാരണമാണ് അമർത്യ സെന്നിനെ വിളിച്ചുവരുത്തിയത്. അങ്ങനെയെങ്കിൽ ആളുകളുടെ വിവാഹങ്ങളും ക്രമീകരിക്കുമോ എന്നും മമത ചോദിച്ചു.

രാജ്യത്തിനായുള്ള ബംഗാളിന്റെയും ബംഗാളികളുടെയും പങ്ക് മറക്കാൻ ബിജെപി മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് മമത പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന്റെ സംശയാസ്പദമായ പങ്കിനെകുറിച്ച് കടന്നാക്രമിക്കുകയും ചെയ്തു.

Similar Posts