< Back
India
Bengali actor claims death threats over promoting beef on cooking show
India

കുക്കറി ഷോയിൽ മത്സരാർഥി ബീഫ് പാകം ചെയ്തു; തനിക്ക് വധഭീഷണിയെന്ന് നടി സുദീപ

Web Desk
|
27 Jun 2024 10:07 PM IST

ബീഫ് പാകം ചെയ്യാനും കഴിക്കാനും സുദീപ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയർന്നത്

കൊൽക്കത്ത: കുക്കറി ഷോയിൽ മത്സരാർഥി ബീഫ് പാകം ചെയ്തതിന് തനിക്ക് വധഭീഷണിയെന്ന് ബംഗാളി നടിയും അവതാരകയുമായ സുദീപ ചാറ്റർജി. ബംഗ്ലാദേശിലെ കുക്കറി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഷോയിൽ ഒരു മത്സരാർഥി ബീഫ് പാകം ചെയ്തതിനെ താൻ പ്രോത്സാഹിപ്പിച്ചു എന്ന് കാട്ടിയാണ് ഭീഷണിയെന്നാണ് സുദീപയുടെ ആരോപണം.

ബക്രീദിനോടനുബന്ധിച്ച് നടത്തിയ ഷോയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ തന്നെ വലിയ രീതിയിൽ വിവാദം ഉടലെടുത്തിരുന്നു. ബീഫ് പാകം ചെയ്യുന്ന മത്സരാർഥിയുമായി സുദീപ സംസാരിച്ചതാണ് വിവാദങ്ങൾക്ക് കാരണം. ബീഫ് പാകം ചെയ്യാനും കഴിക്കാനും സുദീപ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയർന്നത്. ഇതിന് പിന്നാലെയാണിപ്പോൾ വധഭീഷണിയുണ്ടെന്ന നടിയുടെ വെളിപ്പെടുത്തലും.

സുദീപയ്ക്ക് തൃണമൂൽ കോൺഗ്രസും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ബന്ധവും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി തന്നെ കരുവാക്കുകയാണെന്നാണ് സുദീപ പറയുന്നത്.

സുദീപയുടെ വാക്കുകൾ:

"സമൂഹമാധ്യമങ്ങളിൽ എന്നെ വിമർശിക്കുന്നവർ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് വേണം കരുതാൻ. ഞാൻ ബീഫ് കഴിച്ചിട്ടില്ല, അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാർഥിയാണ് അത് പാകം ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്തതല്ല, ആർക്കു വേണമെങ്കിലും ഇത് പരിശോധിച്ച് സ്ഥിരീകരിക്കാവുന്നതാണ്. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളിൽ ഒന്നാണെന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞിരുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടിയും. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്? ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല.

എന്റെ കൂടെയുള്ള ചിത്രങ്ങൾ ഉപയോഗിച്ച് മമതാ ബാനർജിക്കും ബാബുൾ സുപ്രിയോയ്ക്കും നേരെ അസഭ്യവർഷമാണ്. തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാർട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരിൽ നിരവധി ഭീഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകും എന്നിങ്ങനെ പോകുന്നു ഭീഷണികൾ... മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറയുകയാണ് ഒരുപറ്റം ആളുകൾ".

ബംഗാളി ടെലിവിഷൻ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ. 2005ൽ പുറത്തിറങ്ങിയ രൻനഗർ എന്ന ഹിറ്റ് ഷോയിലൂടെയാണ് അരങ്ങേറ്റം. 17 വർഷമാണ് ഈ ഷോ സംപ്രേഷണം ചെയ്തത്. 2022ൽ സുദീപാസ് സോങ്ഷർ എന്ന പരിപാടിയിലൂടെ സുദീപ വൻ തിരിച്ചുവരവ് നടത്തിയിരുന്നു.

Similar Posts