
ഛത്തീസ്ഗഢിലെ ഫാക്ടറിയിൽ ബംഗാളി മുസ്‌ലിം തൊഴിലാളികളെ ക്രൂരമായി മർദിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ
|ജനുവരി നാലിന് ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലുള്ള പത്രപാറയിലെ ജയ്ദുർഗ ബേക്കറിയിലാണ് സംഭവം നടന്നത്
റായ്പൂർ: പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളെ ക്രൂരമായി മർദിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിൽ ബ്രഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന എട്ട് തൊഴിലാളികൾക്കാണ് മർദനമേറ്റത്. പശ്ചിമ ബംഗാളിലെ ജംഗൽമഹൽ മേഖലയിലെ പുരുലിയ ജില്ലയിൽ നിന്നുള്ളവരാണ് ഇവർ. ജോലി ചെയ്ത കാലയളവിലെ വേതനം ആവശ്യപ്പെട്ടതിനാണ് തൊഴിലാളികളെ ക്രൂരമായി മർദിച്ചതെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെ തുടർന്ന് തൊഴിലാളികളായ ശൈഖ് ജാസിം, ശൈഖ് അസ്‌ലം, ശൈഖ് ബാബി, ശൈഖ് ജുൽഫുകാർ എന്നിവർ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ള ശൈഖ് ഇസ്മായീൽ, ശൈഖ് മിനാർ, അർബസ് കാസി, ശൈഖ് സാഹിൽ എന്നിവർ പ്രായപൂർത്തിയാവത്തവരാണ്. ഇവർ സൂരജ്പൂരിലെ സർക്കാർ ഷെൽട്ടർ ഹോമിലാണ്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സൂരജ്പൂർ ജില്ലാ പൊലീസ് ശ്രമം നടത്തുന്നുണ്ട്.
ബംഗാളി തൊഴിലാളികൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്തുണ്ടായ അതിക്രമങ്ങൾ ഇവരുടെ സുരക്ഷയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഒഡീഷ, ഡൽഹി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ബംഗാളി തൊഴിലാളികൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
ആക്രമണത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് സംസ്ഥാനത്തിന് പുറത്ത് ജോലിക്ക് പോവാൻ താത്പര്യമില്ല. അതേസമയം പ്രാദേശികമായി ജോലി ലഭ്യമല്ലാത്തത് ഇവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊൽക്കത്തയിൽ നിന്ന് ഏകദേശം 256 കിലോമീറ്റർ അകലെയുള്ള ചെപ്രി ഗ്രാമത്തിൽ ഏകദേശം 300 മുസ്‌ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
''ഞങ്ങളുടെ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി കൃഷിഭൂമിയില്ല. ചെറിയ ഭൂമിയുള്ള ചുരുക്കം ചിലർക്ക് അതുകൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. കഴിഞ്ഞ 15 വർഷമായി, മിക്കവാറും എല്ലാ കുടുംബങ്ങളിലെയും യുവാക്കളും മധ്യവയസ്‌കരായ പുരുഷന്മാരും കുടിയേറ്റ തൊഴിലാളികളായി ജോലി ചെയ്യാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് കൂടുതൽ വർധിച്ചിട്ടുണ്ട്''- ഗ്രാമത്തിലെ താമസക്കാരനായ ശെയ്ഖ് നസീറുദ്ദീൻ പറഞ്ഞു.
ജനുവരി നാലിന് ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലുള്ള പത്രപാറയിലെ ജയ്ദുർഗ ബേക്കറിയിലാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ ശെയ്ഖ് ജാസിം എന്ന തൊഴിലാളി കഴിഞ്ഞ മൂന്ന് മാസമായി അവിടെ ജോലി ചെയ്തുവരികയായിരുന്നു. ശൈത്യകാലത്ത് ഉത്പാദനം വർധിച്ചതിനെ തുടർന്ന് ഉടമയായ രാകേഷ് ജിൻഡാലിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം തന്റെ ഗ്രാമത്തിൽ നിന്ന് മറ്റ് ഏഴ് തൊഴിലാളികളെ കൂടി അവിടെയെത്തിച്ചത്. പ്രതിദിനം മൂന്ന് ക്വിന്റലോളം മാവ് അവിടെ സംസ്‌കരിച്ചിരുന്നതായി ജാസിം പറഞ്ഞു.
ഡിസംബർ 25-ന് ശേഷം ഉത്പാദനം നേരിയ തോതിൽ കുറഞ്ഞതോടെ, തൊഴിലാളികളെ ഇനി ആവശ്യമില്ലെന്ന് ഉടമ അറിയിച്ചു. പ്രതിമാസം 7,000 മുതൽ 10,000 രൂപ വരെയായിരുന്നു ഇവരുടെ ശമ്പളം. 'നിങ്ങൾക്ക് നാട്ടിലേക്ക് പോകാം, ഇനി ജോലിക്കാരെ ആവശ്യമില്ല' എന്ന് ഉടമ പറഞ്ഞതായി ശെയ്ഖ് അസ്‌ലം എന്ന തൊഴിലാളി 'ദ വയറി'നോട് പറഞ്ഞു. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളം ചോദിച്ചപ്പോൾ അത് നൽകാൻ ഉടമ തയ്യാറായില്ല.
ജനുവരി നാലിന് ബാക്കി തുക നൽകാമെന്ന് ഉടമ അറിയിച്ചതനുസരിച്ച് കാത്തിരുന്ന തൊഴിലാളികളെ ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ബേക്കറിയിൽ അതിക്രമിച്ചു കയറിയ സംഘം തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും 'ജയ് ശ്രീറാം' വിളികളോടെ അവരെ ക്രൂരമായി മർദിക്കുകയും ചെയ്തു.
'ഞങ്ങൾ എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിച്ചപ്പോൾ, നിങ്ങൾ ബംഗ്ലാദേശികളാണ് എന്നായിരുന്നു അവരുടെ മറുപടി. ആധാർ കാർഡുകൾ കാണിച്ചെങ്കിലും അവർ അത് വലിച്ചെറിയുകയും മർദനം തുടരുകയും ചെയ്തു. ഉടമ ഇതിൽ ഇടപെട്ടില്ല'- ജാസിം പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് ഉടൻ ഇടപെട്ടില്ലെന്നും പിന്നീട് സ്റ്റേഷനിലേക്ക് മാറ്റിയെന്നും തൊഴിലാളികൾ പറഞ്ഞു.