< Back
India
ബെംഗളുരുവിൽ പുതിയ വിമാനത്താവളം; പരിഗണനയിലുള്ളത് മൂന്ന് സ്ഥലങ്ങൾ
India

ബെംഗളുരുവിൽ പുതിയ വിമാനത്താവളം; പരിഗണനയിലുള്ളത് മൂന്ന് സ്ഥലങ്ങൾ

Web Desk
|
7 March 2025 3:48 PM IST

ബെംഗളൂരു നഗരത്തിന്റെ ഭാവിയാവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് രണ്ടാം വിമാനത്താവളം നിര്‍മിക്കുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബെംഗളുരു: ബെംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി കർണാടക സർക്കാർ. വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങളാണ് സർക്കാർ പരി​ഗണനയിലുള്ളത്. പരി​ഗണനയിലുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ കർണാടക സർക്കാർ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കൈമാറി.

ബെംഗളൂരുവിലെ കനകപുര റോഡിൽ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) എതിർവശത്തായാണ് സർക്കാർ പരിഗണനയിലുള്ള രണ്ട് സ്ഥലങ്ങൾ സ്ഥിതിചെയ്യുന്നത്. അതിൽ ഒന്ന് ബെംഗളൂരു അർബൻ ജില്ലയുടെ പരിധിയിലും മറ്റൊന്ന് രാമനഗര ജില്ലയുടെ പരിധിയിലുമാണ്.

നെലമംഗലയിലെ കുനിഗൽ റോഡിൽ ഏകദേശം 5,200 ഏക്കർ ഭൂമിയും സർക്കാർ പരി​ഗണനയിലുണ്ട്. മന്ത്രാലയം അന്തിമമാക്കിയ ഏതെങ്കിലും ഒരു സ്ഥലത്ത് കുറഞ്ഞത് 4500 ഏക്കർ ഭൂമി നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ മന്ത്രാലയത്തിന് നൽകിയ കത്തിൽ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച് രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലത്തെക്കുറിച്ച് പഠിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) നിന്നുള്ള ഒരു സംഘത്തെ മന്ത്രാലയം അയക്കും.

അതിവേഗംവളരുന്ന ബെംഗളൂരു നഗരത്തിന്റെ ഭാവിയാവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് രണ്ടാം വിമാനത്താവളം നിര്‍മിക്കുന്നതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ മൂന്നാമത്തെ ഏറ്റവുംതിരക്കേറിയ വിമാനത്താവളമായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞവര്‍ഷം മൂന്നുകോടി എഴുപതുലക്ഷം യാത്രക്കാരെയും നാലുലക്ഷം ടണ്‍ ചരക്കും കൈകാര്യംചെയ്തു. ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് മന്ത്രി എം.ബി പാട്ടീല്‍ പറഞ്ഞിരുന്നു.

Similar Posts