< Back
India
Bengaluru Bodybuilder Dies By Suicide After Girlfriends Engagement
India

മൂന്ന് വർഷത്തെ പ്രണയം, ഒടുവിൽ മറ്റൊരാളുമായി വിവാഹമുറപ്പിച്ച് പെൺസുഹൃത്ത്; ജീവനൊടുക്കി ബോഡിബിൽഡർ

ഷിയാസ് ബിന്‍ ഫരീദ്
|
8 Feb 2026 5:00 PM IST

യുവാവിനെ വിവാഹക്ഷണക്കത്ത് കാണിച്ച യുവതി, കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായും അറിയിച്ചു.

ബം​ഗളൂരു: മൂന്ന് വർഷമായി പ്രണയിച്ചിരുന്ന യുവതി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ജീവനൊടുക്കി ബോഡിബിൽഡറായ യുവാവ്. ബം​ഗളൂരു മഹാലക്ഷ്മി ലേഔട്ട് സ്വദേശി 26കാരനായ കിരൺ ആണ് മരിച്ചത്. മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ച കാര്യം യുവതി അറിയിച്ചതോടെയാണ് ജിംട്രെയ്നറായ കിരൺ ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.

യുവതിയുമായി കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പ്രൊഫഷണൽ ബോഡിബിൽഡറും ജിം ട്രെയ്നറുമായ കിരൺ. വാലന്റൈൻസ് ദിനത്തിൽ പെൺസുഹൃത്തിന് സർപ്രൈസ് ​സമ്മാനം കൊടുക്കാനും കിരൺ തീരുമാനിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച പെൺസുഹൃത്തിനെ കാണാൻ ചെന്ന കിരണിനോട്, മറ്റൊരു യുവാവുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി അവർ പറയുകയായിരുന്നു. വിവാഹക്ഷണക്കത്ത് കാണിച്ച യുവതി, കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായും അറിയിച്ചു.

ഇതോടെ, മനോവിഷമത്തിലായ കിരൺ അസ്വസ്ഥനായി വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. മുറിയിൽ കയറിയ കിരണിനെ ഏറെ നേരമായി പുറത്തേക്ക് കാണാതായതോടെ വീട്ടുകാരെത്തി വിളിച്ചെങ്കിലും മുറി തുറന്നില്ല. ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താനുമായുള്ള ബന്ധത്തിൽ നിന്നുള്ള യുവതിയുടെ പിന്മാറ്റം കിരണിന് താങ്ങാനായില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, യുവതി 50 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നെന്നും ഇത് തിരിച്ചടയ്ക്കാൻ താൻ സഹായിക്കാമെന്ന് കിരൺ യുവതിയോട് പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. എന്നാൽ, പണം വാങ്ങിയ ശേഷം യുവതി കിരണിനെ ഒഴിവാക്കി മറ്റൊരു യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു യുവതിയുടെ കല്യാണ നിശ്ചയം.

സംഭവത്തിൽ, കിരണിന്റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങളും കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts