< Back
India
Bengaluru man sets relative’s house on fire
India

കടം വാങ്ങിയ പണം എട്ട് വര്‍ഷമായിട്ടും തിരികെ നൽകിയില്ല; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

Web Desk
|
4 July 2025 4:09 PM IST

എട്ടു വർഷങ്ങളായി തുടരുന്ന സാമ്പത്തിക തർക്കത്തെ ചൊല്ലി അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി

ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന് ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്. ബെംഗളൂരുവിലെ വിവേക് നഗറിൽ താമസിക്കുന്ന വെങ്കട്ടരമണിയുടെ വീടിനാണ് ബന്ധു കൂടിയായ സുബ്രമണി തീയിട്ടത്. സുബ്രമണിയും വെങ്കിട്ടരമണിയുടെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. എട്ടു വർഷങ്ങളായി തുടരുന്ന സാമ്പത്തിക തർക്കത്തെ ചൊല്ലി അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിൽ കുടുംബാം​ഗങ്ങൾ ഉള്ളപ്പോൾ യുവാവ് വീടിന് വെളിയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരാൾ വീട്ടിലേക്ക് നടന്ന് വരുന്നതും ഗേറ്റ് തുറന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ചുറ്റുമുള്ള വസ്തുക്കളിൽ ഒഴിക്കുന്നതും തുടര്‍ന്ന് തീപ്പെട്ടി ഉപയോഗിച്ച് തീയിട്ട് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന്‍റെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീടിന്‍റെ മുൻഭാഗത്തിനും ജനാലകൾക്കും തീപിടിച്ചു. പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കി. അകത്തുണ്ടായിരുന്ന രണ്ടുപേർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വിവാഹാവശ്യത്തിനായി സുബ്രമണി വെങ്കിട്ടരമണിക്ക് പണം നൽകിയെങ്കിലും പിന്നീട് അത് തിരികെ കൊടുത്തില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് വെങ്കടരമണിയുടെ മകനായ സതീഷ് വിവേക്‌നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൊലപാതകശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുബ്രമണി നിലവിൽ ഒളിവിലാണ് .

Similar Posts