< Back
India
ബം​ഗളൂരു സ്റ്റേഡിയം ദുരന്തം: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മകളുടെ ആഭരണങ്ങൾ പോസ്റ്റുമോർട്ടത്തിനിടെ മോഷ്ടിച്ചു; ആരോപണവുമായി മാതാപിതാക്കൾ
India

ബം​ഗളൂരു സ്റ്റേഡിയം ദുരന്തം: 'അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മകളുടെ ആഭരണങ്ങൾ പോസ്റ്റുമോർട്ടത്തിനിടെ മോഷ്ടിച്ചു'; ആരോപണവുമായി മാതാപിതാക്കൾ

Web Desk
|
24 July 2025 7:55 PM IST

ഒരു വർഷത്തിലേറെയായി കുട്ടി കമ്മലുകൾ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു

ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട 15 വയസുകാരി ദിവ്യാന്‍ഷിയുടെ ആഭരണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ മോഷ്ടിച്ചെന്ന് ആരോപണം.

പോസ്റ്റ്മോര്‍ട്ടത്തിനിടെ മകളുടെ കമ്മലുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ ദിവ്യാന്‍ഷിയുടെ അമ്മ അശ്വിനി കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കമ്മലുകള്‍, വസ്ത്രങ്ങള്‍, ഷൂസ് എന്നിവയുള്‍പ്പെടെ നിരവധി സ്വകാര്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറഞ്ഞു. ആശുപത്രി അധികൃതരെ സമീപിച്ചതായും നിരവധി പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിട്ടും പരിഹാരമൊന്നും ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ എല്ലാ സാധനങ്ങളും ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത് അവളുടെ കമ്മലുകള്‍ മാത്രമാണ്. അവള്‍ എപ്പോഴും അവ ധരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങള്‍ ഇപ്പോഴും അവളുടെ ഓര്‍മ്മകളുമായി ജീവിക്കുന്നു. ഈ കമ്മലുകള്‍ അതിന്റെ ഭാഗമായിരുന്നു' എന്ന് അശ്വിനി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി കുട്ടി കമ്മലുകള്‍ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അധികാരികള്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടും കമ്മലുകള്‍ തിരികെ നല്‍കിയില്ല. ഇത് മൂല്യത്തെക്കുറിച്ചല്ലെന്നും അവള്‍ക്ക് അവ വളരെ ഇഷ്ടമായിരുന്നുവെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൊമേഴ്സ്യല്‍ സ്ട്രീറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar Posts