
Photo| Special Arrangement
ബംഗളൂരുവിൽ എൻജിനീയറിങ് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; ജൂനിയർ വിദ്യാർഥി പിടിയിൽ
|ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെയാണ് അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡ ബലാത്സംഗം ചെയ്തത്
ബംഗളൂരു: ബംഗളൂരുവിലെ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിനിയെ ശുചിമുറിയിൽ ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എഞ്ചിനീയറിങിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റർ വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്.
ഒക്ടോബർ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർഥിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്.
വിദ്യാർഥിനി രാവിലെ 8.55ന് കോളേജിലെത്തിയതോടെയാണ് സംഭവം. തനിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജൂനിയർ വിദ്യാർഥി പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കാണാമെന്ന് പെൺകുട്ടി പറയുകയും ചെയ്തു. ഉച്ചഭക്ഷണ സമയത്ത് ഇയാൾ തുടർച്ചയായി പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഏഴാം നിലയിലുള്ള ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഏഴാം നിലയിലെത്തിയപ്പോൾ ജീവൻ ആദ്യം അവളെ ചുംബിക്കാൻ ശ്രമിച്ചതായും പറയുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ആറാം നിലയിലേക്ക് ഇറങ്ങി. ആറാം നിലയിൽ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപമെത്തിയപ്പോൾ ജീവൻ വിദ്യാർഥിയെ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഇതിന് ശേഷം ഇയാൾ പെൺകുട്ടിയെ വിളിച്ച് ഗർഭനിരോധന ഗുളിക വേണോ എന്ന് ചോദിച്ചതായും എഫ്‌ഐആറിലുണ്ട്. ബിഎൻഎസ് സെക്ഷൻ 64 പ്രകാരമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.