< Back
India
ബംഗളൂരുവിന് വൻ ഡിമാൻഡ്; വീടുകളുടെ വിലക്കയറ്റത്തിൽ ആഗോള തലത്തിൽ നാലാം സ്ഥാനം
India

ബംഗളൂരുവിന് വൻ ഡിമാൻഡ്; വീടുകളുടെ വിലക്കയറ്റത്തിൽ ആഗോള തലത്തിൽ നാലാം സ്ഥാനം

Web Desk
|
19 Aug 2025 2:14 PM IST

10.2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

ബംഗളൂരു: മെട്രോ നഗരമായ ബംഗളൂരുവിലെ വാടകക്കൊള്ള കുപ്രസിദ്ധമാണ്. അപ്പോൾ പിന്നെ ഇവിടെ സ്വന്തമായി ഒരു വീടോ ഫ്ലാറ്റോ വാങ്ങുന്ന കാര്യം സ്വപ്നം കാണാൻ പോലും പറ്റില്ലെന്ന് പ്രത്യേകം പറയാനുണ്ടോ? ഭവന വില വര്‍ധനയിൽ ലോകത്തെ 15 നഗരങ്ങളുടെ കണക്കെടുത്താൽ നാലാമതാണ് ബംഗളൂരുവിന്‍റെ സ്ഥാനം. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ്ഫ്രാങ്കിന്റെ പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡെക്‌സ് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിൽ നഗരത്തിലെ ഭവന വിലയിൽ കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. 10.2 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മുംബൈ 8.7% വളർച്ചയോടെ ആറാം സ്ഥാനത്തും ഡൽഹി 15ാം സ്ഥാനത്തുമാണ്. ആഗോളതലത്തിൽ, 25.2% വാർഷിക വളർച്ചയോടെ സിയോൾ റാങ്കിംഗിൽ മുന്നിലെത്തി, തൊട്ടുപിന്നാലെ ടോക്കിയോ (16.3%), ദുബൈ(15.8%) എന്നീ നഗരങ്ങളാണ്. ബംഗളൂരുവിന്‍റെ ടെക്നോളജി, മുംബൈയുടെ അടിസ്ഥാന സൗകര്യ നവീകരണം, ഡൽഹിയുടെ സ്ഥിരമായ ആഡംബര ആവശ്യകത എന്നിവയാണ് ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കി നിലനിർത്തുന്നതെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിശിർ ബൈജാൽ പറഞ്ഞു. തുടർച്ചയായ സാമ്പത്തിക സ്ഥിരതയും നഗര പുനർവികസനവും വരും മാസങ്ങളിൽ വളർച്ച നിലനിർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts