< Back
India
ഭവാനിപൂർ ഇന്ന് വിധിയെഴുതും; മമതയ്ക്ക് നിർണായകം
India

ഭവാനിപൂർ ഇന്ന് വിധിയെഴുതും; മമതയ്ക്ക് നിർണായകം

Web Desk
|
30 Sept 2021 6:55 AM IST

മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. മമത മത്സരിക്കുന്ന ഭവാനിപൂര്‍ അടക്കം മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമത, സുവേന്ദു അധികാരിയോട് 1956 വോട്ടിന് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്താല്‍ ആറ് മാസത്തിനകം ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇതോടെ ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിർന്ന ടിഎംസി നേതാവ് സൊവാൻദേബ് ചാറ്റോപാധ്യായ മമതയ്ക്ക് വേണ്ടി രാജിവെച്ചു. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.

ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം നടത്തി മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മമത ബാനര്‍ജിക്ക് നിര്‍ണായകമാണ് മൂന്നാം തീയതി ഫലം പ്രഖ്യാപിക്കുന്ന ഉപതെരഞ്ഞെടുപ്പ്. 2011ലും 2016ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനർജി. വിജയ സാധ്യത ഏറെയാണെങ്കിലും പ്രിയങ്ക ടിബ്രെവാളിലൂടെ അട്ടിമറി പ്രതീക്ഷയിലാണ് ബിജെപി. ഭബാനിപൂർ കൂടാതെ സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് കഴിയും വരെ ഭബാനിപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts