< Back
India
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല; മോഹൻ ഭഗവത്
India

'ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല'; മോഹൻ ഭഗവത്

Web Desk
|
19 Nov 2025 9:13 AM IST

ഭാരതം, ഹിന്ദു എന്നിവ പര്യായപദങ്ങളാണ്

ഗുവാഹത്തി: ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണെന്ന് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. 'ഹിന്ദു' എന്നത് വെറുമൊരു മതപരമായ പദമല്ലെന്നും ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക തുടർച്ചയിൽ വേരൂന്നിയ ഒരു നാഗരിക സ്വത്വമാണെന്നും അദ്ദേഹം ഗുവാഹത്തിയിൽ പറഞ്ഞു.

"ഭാരതം, ഹിന്ദു എന്നിവ പര്യായപദങ്ങളാണ്. ഇന്ത്യയെ 'ഹിന്ദു രാഷ്ട്രം' ആക്കാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്‍റെ ആവശ്യമില്ല. അതിന്‍റെ നാഗരിക ധാർമികത അത് പ്രതിഫലിപ്പിക്കുന്നുണ്ട്" ഭഗവത് കൂട്ടിച്ചേര്‍ത്തു. ആരെയും എതിർക്കാനോ ഉപദ്രവിക്കാനോ അല്ല ആർ‌എസ്‌എസ് രൂപീകരിച്ചതെന്നും സ്വഭാവരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യയെ ആഗോളതലത്തിൽ ഒന്നാമതാക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. "വൈവിധ്യത്തിൽ ഭാരതത്തെ ഒന്നിപ്പിക്കുന്നതിനുള്ള രീതിശാസ്ത്രത്തെ ആർ‌എസ്‌എസ് എന്ന് വിളിക്കുന്നു" ഭഗവത് പറഞ്ഞു.

നിയമവിരുദ്ധ നുഴഞ്ഞുകയറ്റം, ഹിന്ദുക്കൾക്ക് മൂന്ന് കുട്ടികൾ എന്ന മാനദണ്ഡം ഉൾപ്പെടെയുള്ള സന്തുലിത ജനസംഖ്യാ നയത്തിന്റെ ആവശ്യകത, ഭിന്നിപ്പിക്കുന്ന മതപരിവർത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് ഉപദേശിച്ചു.

രാഷ്ട്രനിർമാണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൂട്ടായും നിസ്വാർഥമായും പ്രവർത്തിക്കണമെന്ന് ഭഗവത് അഭ്യർഥിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ഭഗവത് ഗുവാഹത്തിയിലെത്തിയത്. ബുധനാഴ്ച ഒരു യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യും. നവംബർ 20 ന് അദ്ദേഹം മണിപ്പൂരിലേക്ക് പോകും.

Similar Posts