< Back
India
28 ദിവസത്തെ റീചാർജിന് പകരം ഇനി 30 ദിവസം കാലാവധി
India

28 ദിവസത്തെ റീചാർജിന് പകരം ഇനി 30 ദിവസം കാലാവധി

Web Desk
|
14 Sept 2022 10:18 AM IST

28 ദിവസത്തെ പ്ലാൻ കണക്കാക്കുമ്പോൾ ഒരു വർഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികൾ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ടെലികോം താരിഫ് ഉത്തരവിൽ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.

ന്യൂഡൽഹി: മൊബൈൽ ഫോൺ റീചാർജിന്റെ കാലാവധി 28 ദിവസമാക്കി ചുരുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇനി മുതൽ 30 ദിവസത്തെ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായ് നിർദേശിച്ചു. ഇതിന് പിന്നാലെ എല്ലാ കമ്പനികളും 30 ദിവസം കാലാവധിയുള്ളതും ഒരേ തിയതിയിൽ പുതുക്കാവുന്നതുമായ പ്ലാനുകൾ പ്രഖ്യാപിച്ചു.

28 ദിവസത്തിലൊരിക്കൽ പുതുക്കുമ്പോൾ വർഷത്തിൽ '13 മാസം' എന്ന വിചിത്രമായ കണക്ക് ഇതോടെ ഇല്ലാതാവും. 28, 56, 84 ദിവസങ്ങളായിട്ടായിരുന്നു ഇതുവരെയുള്ള റീചാർജ്. മാസത്തിന്റെ അവസാന തിയതിയിലോ, ചാർജ് ചെയ്തതിന്റെ തൊട്ടടുത്ത മാസത്തെ അതേ തിയതിയിലോ റീചാർജ് ചെയ്യണമെന്നാണ് പുതിയ നിബന്ധന. എല്ലാ ടെലികോം സേവനദാതാക്കളും കുറഞ്ഞത് ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ 30 ദിവസ കാലാവധിയിൽ ഉപഭോക്താക്കൾക്ക് നൽകണം.

28 ദിവസത്തെ പ്ലാൻ കണക്കാക്കുമ്പോൾ ഒരു വർഷം ഒരു മാസത്തെ അധികതുക ടെലികോം കമ്പനികൾ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ടെലികോം താരിഫ് ഉത്തരവിൽ ട്രായ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. 30, 31, ഫെബ്രുവരി 28, 29 എന്നിങ്ങനെ വ്യത്യസ്തമായ ദിവസങ്ങളുള്ളതിനാൽ ഒരു മാസത്തിലെ അവസാന ദിവസം പുതുക്കുന്ന പ്ലാനുകൾ വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

എയർടെൽ 30 ദിവസത്തേക്ക് 128 രൂപയുടെ പ്ലാൻ വൗച്ചറാണ് പ്രഖ്യാപിച്ചത്. അടുത്ത മാസം അതേ തിയതിയിൽ പുതുക്കുമ്പോൾ 131 രൂപ നൽകണം. നിലവിലുള്ളതിലും കുറഞ്ഞ തുകയാണിത്. മറ്റു സേവനദാതാക്കൾ 30 ദിവസത്തേക്കും അടുത്ത മാസം അതേ തിയതിയിൽ പുതുക്കുമ്പോഴുമുള്ള തുക: ബിഎസ്എൻഎൽ - 199, 229, എംടിഎൻഎൽ-151, 97, റിലയൻസ് ജിയോ-296, 259, വോഡഫോൺ ഐഡിയ - 137, 141

Similar Posts