< Back
India
വിടവാങ്ങിയത് പരിസ്ഥിതി ശാസ്ത്ര മേഖലയിലെ ഭീഷ്മാചാര്യൻ
India

വിടവാങ്ങിയത് പരിസ്ഥിതി ശാസ്ത്ര മേഖലയിലെ ഭീഷ്മാചാര്യൻ

Web Desk
|
8 Jan 2026 1:12 PM IST

വിടവാങ്ങിയെങ്കിലും ഗാഡ്ഗില്‍ ഉയര്‍ത്തിയ പരിസ്ഥിതി സംരക്ഷണ ചോദ്യങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കും.

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരിസ്ഥിതി ശാസ്ത്ര മേഖലയിലെ ഭീഷ്മാചാര്യനും പശ്ചിമഘട്ട സംരക്ഷണത്തിന്റെ കരുത്തുറ്റ ശബ്ദവുമായിരുന്നു മാധവ് ഗാഡ്‌ഗിൽ. അക്കാദമിക് പണ്ഡിതൻ എന്നതിലുപരി, സാധാരണക്കാരെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ച ജനകീയ ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗില്‍. വിടവാങ്ങിയെങ്കിലും ഗാഡ്ഗില്‍ ഉയര്‍ത്തിയ പരിസ്ഥിതി സംരക്ഷണ ചോദ്യങ്ങള്‍ രാജ്യത്തിന് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കും.

പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഒരു ജനതയെ ആകെ ആവര്‍ത്തിച്ച് പറഞ്ഞ് പഠിപ്പിച്ച മനുഷ്യന്‍. എപ്പോഴെല്ലാം പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടിയോ അപ്പോഴെല്ലാം ഗാഡ്ഗില്‍ ചര്‍ച്ചയായി. 1942ൽ മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച മാധവ് ഗാഡ്ഗില്‍ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് ഇന്ത്യയിലെ പരിസ്ഥിതി ഗവേഷണങ്ങളിൽ സജീവമായത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 'സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ്' സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മാധവ് ഗാഡ്‌ഗിൽ എന്ന പേര് ചർച്ചയായത് 2011-ലെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ടിലൂടെയാണ്. ഗാഡ്‌ഗിൽ റിപ്പോർട്ട് എന്നറിയപ്പെട്ട ഈ പഠനം പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിനായി വിപ്ലവകരമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതി ലോല മേഖലകളായി തിരിക്കണമെന്നും, പ്രകൃതിയെ നശിപ്പിക്കുന്ന ഖനനവും വൻകിട നിർമ്മാണങ്ങളും നിയന്ത്രിക്കണമെന്നുംഗാഡ്ഗില്‍ ശക്തമായി വാദിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ തദ്ദേശവാസികൾക്കും ഗ്രാമസഭകൾക്കും പൂർണ്ണ അധികാരം നൽകണമെന്ന നിലപാട് വലിയ സംവാദങ്ങൾക്ക് വഴിവെച്ചു.

ശാസ്ത്രത്തെ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധിപ്പിച്ച ഗാഡ്ഗിൽ ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. പരിസ്ഥിതി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചു. പരിസ്ഥിതി നൊബേൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ടൈലർ പുരസ്കാരവും തേടിയെത്തി. ഓരോ മലനിരകളും പുഴകളും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിച്ച ഗാഡ്ഗിലിന്റെ വിയോഗം രാജ്യത്തെ പരിസ്ഥിതി പോരാട്ടങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്.

Similar Posts