< Back
India
marriage
India

കാമുകനെ കാണാൻ എല്ലാ ദിവസവും വൈദ്യുതി വിച്ഛേദിച്ച് പെൺകുട്ടി; ഒടുവിൽ വിവാഹം കഴിപ്പിച്ച് പരിഹാരം കണ്ട് നാട്ടുകാർ

Web Desk
|
24 July 2023 10:51 AM IST

അധികൃതരെ വിവരമറിയിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ കറണ്ട് കെട്ടിന്റെ കാരണം കണ്ടെത്താൻ നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു

പട്‌ന: ട്വിസ്റ്റുകളേറെയുള്ള പ്രണയകഥകൾക്ക് നമ്മുടെ രാജ്യത്ത് യാതൊരു പഞ്ഞവുമില്ല. ബോളിവുഡ് സിനിമകളും സീരിയലുകളും ഇത്തരം പ്രണയകഥകൾക്ക് നല്ല പ്രോത്സാഹനവും നൽകുന്നുണ്ട്. എന്നാൽ ബോളിവുഡിനെ പോലും വെല്ലുന്ന അപാര ട്വിസ്റ്റുള്ള പ്രണയകഥയാണ് ബിഹാറിലെ രാജിന്റെയും പ്രീതിയുടെയും.

ബേട്ടിയ ഗ്രാമത്തിലെ വൈദ്യുതി മുടക്കത്തിലൂടെയാണ് ഇരുവരുടെയും പ്രണയകഥ പുറംലോകമറിയുന്നത്. രാജിനെ കാണാൻ പ്രീതി ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് ഇതിന് കാരണം. രാത്രി പതിവായി ഗ്രാമത്തിൽ വൈദ്യുതി മുടങ്ങാൻ തുടങ്ങിയതോടെയാണ് ഗ്രാമവാസികൾ കാരണമന്വേഷിച്ചിറങ്ങുന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ കറണ്ട് കെട്ടിന്റെ കാരണം കണ്ടെത്താൻ നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു.

ഒടുവിൽ ഒരു ദിവസം രാത്രി രാജിനെയും പ്രീതിയെയും നാട്ടുക്കൂട്ടം കയ്യോടെ പിടികൂടി. അപ്പോഴാണ് പ്രീതി പതിവായി ഗ്രാമത്തിലെ കറന്റ് ഓഫ് ചെയ്യാറുണ്ടായിരുന്നെന്ന് നാട്ടുകാരറിയുന്നത്. രാജ് പകൽ തന്ന കാണാനെത്തിയാൽ ആളുകൾ കാണുമെന്ന് പേടിച്ചായിരുന്നു പ്രീതിയുടെ 'അറ്റകൈ പ്രയോഗം'. ഇരുവരെയും കയ്യോടെ പിടികൂടിയ നാട്ടുകാർ രാജിനെ കയ്യേറ്റവും ചെയ്തു. ഇനി മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇരുവരെയും അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യിച്ചാണ് നാട്ടുകാർ പിരിഞ്ഞത്.

Related Tags :
Similar Posts