< Back
India
തൊഴിൽരഹിതരായ ബിരുദധാരികൾക്ക്  പ്രതിമാസം 1000 രൂപ;  അലവൻസ് പ്രഖ്യാപിച്ച് നിതീഷ് കുമാർ
India

തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ; അലവൻസ് പ്രഖ്യാപിച്ച് നിതീഷ് കുമാർ

Web Desk
|
18 Sept 2025 1:30 PM IST

സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം

പറ്റ്ന: ബിഹാർ നിയമസഭ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനം തുടർന്ന് ജെഡിയു സർക്കാർ.സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.

തൊഴിൽ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയിൽ പ്രായമുള്ള തുടർ പഠനം നടത്താൻ സാധിക്കാത്ത യുവാക്കൾക്ക് പ്രതിമാസം 1000 രൂപ പദ്ധതി പ്രകാരം അലവൻസ് നൽകും.സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന 7 നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. എക്സിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

യുവജന ശാക്തീകരണത്തിലുള്ള തന്‍റെ സർക്കാറിന്‍റെ പ്രതിബന്ധതയും നിതീഷ് ആവർത്തിച്ചു. ഗുണഭോക്താക്കൾക്ക് രണ്ട് വർഷം വരെ അലവൻസ് ലഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലും നൽകുക എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ ലക്ഷ്യമെന്നും ഒപ്പം സ്വകാര്യ മേഖലയിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.

നേരത്തെ സംസ്ഥാനത്തെ 16.04 ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായമായി 5000 രൂപ വീതം കൈമാറിയിരുന്നു.വിശ്വകർമപൂജയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും പ്രമാണിച്ചായിരുന്നു ധനസഹായം നൽകിയത്.ഇത് കൂടാതെ കരാർ തൊഴിലാളികൾക്കായുള്ള പുതിയ വെബ് പോർട്ടലും പറ്റ്നയിൽ നിതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എന്നാൽ ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനങ്ങളാണെന്നാണ് പ്രതിപക്ഷ ആരോപണം.

Similar Posts