< Back
India
പ്രവചനങ്ങൾ തെറ്റിക്കുന്ന ബിഹാർ; അഭിപ്രായ സർവേകളെ തോൽപ്പിക്കുന്ന ബിഹാറിന്റെ മനസ്സിൽ എന്ത് ?
India

പ്രവചനങ്ങൾ തെറ്റിക്കുന്ന ബിഹാർ; അഭിപ്രായ സർവേകളെ തോൽപ്പിക്കുന്ന ബിഹാറിന്റെ മനസ്സിൽ എന്ത് ?

Web Desk
|
29 Oct 2025 1:40 PM IST

2000 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 56 ശതമാനം അഭിപ്രായ സർവേകളും തോൽപ്പിച്ച ചരിത്രമാണ് ബിഹാറിന്

പട്‌ന: യഥാർത്ഥ ജനവിധിക്ക് മുമ്പ് ജനമനസ്സറിയാൻ കൗതുകമുള്ളവർ പല വഴികളെ ആശ്രയിക്കാറുണ്ട്. മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും തെരഞ്ഞെടുപ്പ് ട്രെന്റ് അറിയാൻ ശ്രമിക്കാറുണ്ട്. മറ്റൊരു പ്രധാന ആശ്രയം അഭിപ്രായ സർവേകളാണ്. യഥാർത്ഥ ഫലത്തിൽ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത ഫലം നൽകാൻ പലപ്പോഴും അഭിപ്രായ സർവേകൾക്ക് സാധിക്കാറുണ്ട്. എന്നാൽ, തെറ്റിയ ചരിത്രവും ഉണ്ട്.

ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ബിഹാർ മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലാണ്. ദിവസങ്ങൾക്കുള്ളിൽ പോളിങ് ബൂത്തിലെത്തുന്ന ബിഹാറിന്റെ മനസ് അറിയാൻ അഭിപ്രായ സർവേകളെ ആശ്രയിക്കുന്നവർ ഈ വിവരങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തെ മറ്റിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂരിഭാഗം അഭിപ്രായ സർവേകളേയും തള്ളിയ ചരിത്രമാണ് ബിഹാറിന്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായ സർവേകളോട് തുറന്ന മനസ്സോടെ പ്രതികരിക്കാൻ ബിഹാറിന് എന്താണ് മടി ?

122 എന്ന മാജിക് നമ്പർ ആര് സ്വന്തമാക്കും ?

243 നിയമസഭ മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകൾ. ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു, ബിജെപി, ചിരാഗ് പസ്വാന്റെ എൽജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവുമാണ് തെരഞ്ഞെടുപ്പ് ഗോഥയിലെ പ്രധാനികൾ. മുൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കൂടിയായ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. പ്രശാന്ത് കിഷോർ ആരുടെ വോട്ടുകൾ ചോർത്തും എന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്.

പുറത്തുവന്നിട്ടുള്ള അഭിപ്രായ സർവേകളുടെ ശരാശരി എടുത്താൽ എൻഡിഎക്ക് 110 സീറ്റും മഹാസഖ്യം 98 സീറ്റും നേടും എന്നതാണ്.ജൻസുരാജ് പാർട്ടിക്ക് 24 സീറ്റും സർവേകൾ പ്രവചിക്കുന്നുണ്ട്. പുറത്തുവന്ന് അഭിപ്രായ സർവേ ശരിയായാൽ പോലും ഒരു മുന്നണിക്കും കൃത്യമായ ഭൂരിപക്ഷമില്ല. എൻഡിഎക്ക് 12 സീറ്റിന്റെയും മഹാസഖ്യത്തിന് 24 സീറ്റിന്റേയും കുറവാണ് സർവേകൾ പ്രവചിക്കുന്നത്. ഇവിടെയാണ് ജൻസുരാജ് പാർട്ടി നേടുന്ന 24 സീറ്റുകൾ നിർണായകമാവുന്നത്. (എൻഡിഎക്കും മഹാസഖ്യത്തിനും വലിയ ഭൂരിപക്ഷം പ്രവചിക്കുന്ന അഭിപ്രായ സർവേകളും പുറത്തുവന്നിട്ടുണ്ട്. എസ്എൻ ന്യൂസ് പോളിന്റെ സർവേ പ്രകാരം എൻഡിഎക്ക് 177 സീറ്റാണ് ലഭിക്കുക. ന്യൂസ് വൺ പോളിന്റെ സർവേ പ്രകാരം 155 സീറ്റുകളാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത് )

മനസ് തുറക്കാൻ മടിയുള്ള ബിഹാർ

2000 മുതൽ 2020 വരെ ബിഹാറിൽ നടന്ന തെരഞ്ഞെടുപ്പുകളിലെ അഭിപ്രായ സർവേകൾ പരിശോധിച്ചാൽ 56 ശതമാനം അഭിപ്രായ സർവേകളും തെറ്റിയിട്ടുണ്ട്. 44 ശതമാനം സർവേകളാണ് യഥാർത്ഥ ഫലത്തോട് ചേർന്ന് നിൽക്കുന്നത്. മറ്റിടങ്ങളിൽ അഭിപ്രായ സർവേകളിൽ 70 ശതമാനം യഥാർത്ഥഫലത്തോട് ചേർന്ന് നിൽക്കുന്നതാണ്. അഭിപ്രായ സർവേകൾ ശരിയാവുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ബിഹാർ.

അഭിപ്രായ സർവേകളുടെ കൃത്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ മൂന്നായി തിരിക്കാം

കൂടുതൽ കൃത്യമാവുന്ന സംസ്ഥാനങ്ങൾ

1. ആന്ധ്രാപ്രദേശ്

2. കേരളം

3.ഗുജറാത്ത്

4.അസാം

ഇടത്തരം പട്ടികയിൽ 11 സംസ്ഥാനങ്ങൾ

1.തമിഴ്‌നാട്

2.മഹാരാഷ്ട്ര

3.ബംഗാൾ

4.ഹരിയാന

5.ഉത്തർപ്രദേശ്

6.രാജസ്ഥാൻ

7.പഞ്ചാബ്

8.ഡൽഹി

9.കർണാടക

10.മധ്യപ്രദേശ്

11. ഒഡീഷ

കൃത്യത കുറവുള്ള സംസ്ഥാനങ്ങൾ

1.ബിഹാർ

2.ജാർഖണ്ഡ്

3.ഛത്തീസ്ഗഢ്

4.തെലങ്കാന

എന്തുകൊണ്ട് മിക്കപ്പോഴും ബിഹാറിൽ നിന്ന് തെറ്റായ ഫലം വരുന്നു എന്നതിന് രണ്ട് സാധ്യതകളാണ് മുതിർന്ന മാധ്യമപ്രവർത്തകനും തെരഞ്ഞെടുപ്പ് ഫല നിരീക്ഷകനുമായ പ്രണോയ് റോയ് ചൂണ്ടിക്കാണിക്കുന്നത്.

1. സ്ത്രീ വോട്ടർമാർ

2. കുടിയേറ്റം

പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള സംസ്ഥാനമാണ് ബിഹാർ.പുരുഷൻമാരേക്കാൾ 5.9 ശതമാനം കൂടുതൽ സ്ത്രീകൾ ബിഹാറിൽ വോട്ട് ചെയ്യുന്നുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ജാർഖണ്ഡാണ്. 5.3 ശതമാനം അധിക സ്ത്രീ വോട്ടർമാരാണ് ജാർഖണ്ഡിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. അഭിപ്രായ സർവേയിൽ കൃത്യതയില്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലും ബിഹാറിന് പിന്നിലുള്ളത് ജാർഖണ്ഡാണ്. 1962 മുതൽ 2020 വരെയുള്ള ബിഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാൽ പുരുഷൻമാരുടെ വോട്ടിങ് ശതമാനം കുറയുമ്പോൾ സ്ത്രീകളുടേത് 84 ശതമാനം വരെ കുതിക്കുന്നത് കാണാം.

വോട്ട് ചെയ്യുന്ന സ്ത്രീ-പുരുഷ അനുപാതത്തിൽ മറ്റൊരു ശ്രദ്ധേയമായ കണക്ക് ഗുജറാത്തിൽ നിന്നുള്ളതാണ്. സ്ത്രീകളേക്കാൾ ആറ് ശതമാനം കൂടുതൽ പുരുഷൻമാർ ഗുജറാത്തിൽ വോട്ട് ചെയ്യുന്നുണ്ട്. അഭിപ്രായ സർവേകളുടെ കൃത്യതയുടെ കാര്യത്തിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഗുജറാത്തുള്ളത്. മനസ് തുറക്കാൻ മടിയുള്ള സ്ത്രീകൾ അഭിപ്രായ സർവേകളുടെ കൃത്യതയെ സ്വാധീനിക്കുന്നു എന്നാണ് പ്രണോയ് റോയ് പറയുന്നത്.

സ്ത്രീകൾ മനസ് തുറക്കാൻ മടികാണിക്കുന്നതിനെ കുറിച്ചും പ്രണോയ് റോയ് പറയുന്നുണ്ട്. അഭിപ്രായ സർവേകൾ എടുക്കുന്ന ഏജൻസികളുടെ ചോദ്യങ്ങളുമായി വോട്ടർമാരെ സമീപിക്കുന്നത് 90 ശതമാനം പുരുഷൻമാരാണ്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം സ്ത്രീകളും അപരിചിതരായ പുരുഷൻമാരോട് തുറന്ന് സംസാരിക്കാൻ സന്നദ്ധരല്ല. അതുകൊണ്ട് തന്നെ ഇവരുടെ അഭിപ്രായങ്ങൾ എവിടേയും രേഖപ്പെടുത്തപ്പെടുന്നില്ല. ഇത് അഭിപ്രായ സർവേയുടെ കൃത്യതയെ ബാധിക്കുന്നു എന്നാണ് പ്രണോയ് റോയ് പറയുന്നു.

പുരുഷ വോട്ടർമാരുടെ കുടിയേറ്റം ഫലത്തെ സ്വാധീനിക്കുന്നുണ്ട് എന്നാണ് പ്രണോയ് റോയ് പറയുന്നത്. വോട്ടർപട്ടികയിലുള്ള പുരുഷൻമാരുടെ എണ്ണം കൂടുതലാണെങ്കിലും വോട്ടിങ് ശതമാനം കുറയുന്നത് ഇതുകൊണ്ടാണ്.വോട്ടെടുപ്പിനായി അവർ സംസ്ഥാനത്തേക്ക് എത്തുന്നില്ല. സ്വാഭാവികമായും വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നു. ശരിയായ അഭിപ്രായ സർവേകൾ നടത്തിയ ഏജൻസികളുമായി ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിൽ ചില കണക്കുകളും പ്രണോയ് റോയ് മുന്നോട്ടുവെക്കുന്നു. സ്ത്രീകൾ കൂടുതൽ എൻഡിഎയെ പിന്തുണക്കുന്നവരാണെന്നും പുരുഷൻമാർ മഹാസഖ്യം തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. മേഖല തിരിച്ചുള്ള കണക്കുകളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

പുരുഷൻമാരുടെ വോട്ടിങ് ശതമാനം കൂടുതലുള്ള മേഖലകളിൽ മഹാസഖ്യത്തിന് കൂടുതൽ സീറ്റുകൾ കിട്ടുന്നുണ്ട്.സ്ത്രീകളുടെ വോട്ടിങ് ശതമാനം കൂടുന്നതിൽ എൻഡിഎക്കാണ് മേൽക്കൈ എന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്ത് അദ്ദേഹം പറയുന്നു.

Similar Posts