< Back
India
Bihar MP Pappu Yadav Arrested In 1995 Case
India

30 വർഷം മുമ്പുള്ള കേസ്: മോദിക്കും നിതീഷ് സർക്കാരിനുമെതിരായ വിമർശനത്തിന് പിന്നാലെ പപ്പു യാദവ് എംപി അറസ്റ്റിൽ

ഷിയാസ് ബിന്‍ ഫരീദ്
|
7 Feb 2026 8:17 AM IST

പാർലമെന്റ് സെഷനിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് പൊലീസ് സംഘം പപ്പു യാദവിന്റെ വീട്ടിലെത്തിയത്.

പട്ന: 30 വർ‌ഷം മുമ്പുള്ള കേസിൽ ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവ് അറസ്റ്റിൽ. ​1995ൽ ഗർ‌ഡനിബാ​ഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസിൽ നിശ്ചിത തീയതിയിൽ കോടതിയിൽ ഹാജരാകാവാതിരുന്നതോടെയാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു. സംസ്ഥാന സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമർശനം തുടരുന്നതിനിടെയാണ് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള കേസിൽ നടപടി.

ഐപിസി 467 (വ്യാജരേഖ ചമയ്ക്കൽ) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എംപി/എംഎൽഎ കോടതി വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പൊലീസ് പപ്പു യാദവിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മണ്ഡിരിയിലെ വീട്ടിലെത്തിയ പൊലീസ് സംഘം മഫ്തിയിലായിരുന്നെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള വാറന്റാണ് അവരുടെ കൈയിലുണ്ടായിരുന്നതെന്നും അറസ്റ്റിനുള്ളതല്ലെന്നും പപ്പു യാദവ് ആരോപിച്ചു.

പാർലമെന്റ് സെഷനിൽ പങ്കെടുത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് പൊലീസ് സംഘം പപ്പു യാദവിന്റെ വീട്ടിലെത്തിയത്. എംപിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പപ്പു യാദവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘമെത്തിയതറിഞ്ഞ് നിരവധി അണികളാണ് വീട്ടിൽ തടിച്ചുകൂടിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് ഇവർ പൊലീസുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയതു.

ശനിയാഴ്ച കോടതിയിൽ ഹാജരാകാനിരിക്കെയാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പപ്പു യാദവ് പ്രതികരിച്ചു. ഇക്കാര്യം താൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാലത് ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും അറസ്റ്റ് വാറന്റ് ചോദിച്ചെങ്കിലും കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ജയിലിൽ വച്ച് പൊലീസുകാർ തന്നെ കൊന്നുകളയുമെന്ന് സംശയമുണ്ടെന്നും പപ്പു യാദവ് പറഞ്ഞു. ഞാൻ നേരിട്ട് കോടതിയിൽ പോവാനിരുന്നതാണ്. ക്രിമിനലുകളെ പോലെ സാധാരണ വേഷത്തിലാണ് പൊലീസുകാർ വീട്ടിലെത്തിയത്. അവരെന്നെ കൊല്ലാനാണ് വീട്ടിലെത്തിയത്. ഇതെന്താ ക്രിമിനലിന്റെ വീടാണോ...? 30 വർഷം മുമ്പാണ് തനിക്കെതിരെ കേസെടുത്തത്. അതിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നതെന്നും അദ്ദേഹം വിശദമാക്കി.

സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പോരായ്മകൾ തുറന്നുകാട്ടുമ്പോഴെല്ലാം തനിക്ക് ഇങ്ങനെയാണ് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ ഉപേക്ഷിച്ച ജനങ്ങളെ സേവിക്കുന്നതിനിടെ പൊലീസ് തന്നെ വേട്ടയാടാൻ ശ്രമിച്ചെന്നും നീറ്റ് പരീക്ഷാർഥിയുടെ മരണം പോലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ കഴിവില്ലായ്മയുൾപ്പെടെ താൻ ഉയർത്തിക്കാട്ടുന്നുണ്ടെന്നും പപ്പു യാദവ് ചൂണ്ടിക്കാട്ടി. ഇത് നഗരത്തിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികൾ നേരിടുന്ന അരക്ഷിതാവസ്ഥ വെളിച്ചത്തു കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നൽകാത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പപ്പു യാദവ് പരിഹസിച്ചിരുന്നു. '56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന് ലോക്‌സഭയെ അഭിമുഖീകരിക്കുന്നതിന് ഭയം. സുരക്ഷിതമായ ഏതെങ്കിലും ദ്വീപിൽ അഭയം തേടുന്നതാണ് അദ്ദേഹത്തിന് നല്ലത്'- എന്നായിരുന്നു മോദിയുടെ പേര് പരാമർശിക്കാതെയുള്ള വിമർശനം. മുമ്പ് ഡൽഹി സ്ഫോടന സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും പപ്പു യാദവ് രം​ഗത്തെത്തിയിരുന്നു. അമിത് ഷായുടെ കൈകളിൽ രാജ്യം സുരക്ഷിതമല്ലെന്നും എന്തുകൊണ്ടാണ് രാജിവയ്ക്കാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺ​ഗ്രസിൽ ലയിച്ചിരുന്നു. എന്നാൽ പൂർണിയ സീറ്റിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയായിരുന്നു. പൂർണിയയിൽ 23,847 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജനതാദൾ (യുണൈറ്റഡ്) സ്ഥാനാർഥി സന്തോഷ് കുമാറിനെയാണ് പപ്പു യാദവ് പരാജയപ്പെടുത്തിയത്.

Similar Posts