
Photo| Special Arrangement
ബിഹാർ ഫലം; നിർണായകമാവുക യുവ വോട്ടർമാർ
|ഓരോ മണ്ഡലത്തിലും ശരാശരി 5765 പുത്തൻ വോട്ടർമാർ
പറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ നിർണ്ണായക വോട്ട് ബാങ്കായി കന്നി വോട്ടർമാർ മാറുമെന്ന കണക്കു കൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം ഇത്തവണ 14.01 ലക്ഷം വോട്ടർമാർ 18 വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവരാണ്. 2020 ൽ ഉള്ളതിനേക്കാൾ കൂടുതലും 2015 ലേക്കാൾ കുറവുമാണ് ഈ കണക്ക്. 2020 ലെ പുത്തൻ വോട്ടർമാരുടെ എണ്ണം 11.17 ലക്ഷമായിരുന്നു. 2015 ൽ 24 ലക്ഷത്തിലേറെ കന്നി വോട്ടർമാരുണ്ടായിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യം, കുറഞ്ഞു വരുന്ന ഭൂരിപക്ഷം എന്നിവയാണ് കന്നിവോട്ടർമാർ എങ്ങനെ ചിന്തിക്കും എന്നാലോചിച്ച് തലപുകയ്ക്കാൻ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കുന്നത്.
ബിഹാറിലെ ഓരോ നിയമസഭ മണ്ഡലങ്ങളിലും ശരാശരി 5765 പുതിയ വോട്ടർമാരുണ്ട്. 2020, 2015 വർഷങ്ങളിൽ ഓരോ മണ്ഡലത്തിലേയും കന്നിവോട്ടർമാരുടെ എണ്ണം യഥാക്രമം 4597, 9930 എന്നിങ്ങനെയായിരുന്നു. 2015 ലേതിനേക്കാൾ കന്നിവോട്ടർമാരുടെ എണ്ണം കുറവാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത് ഓരോ തവണയും കുറഞ്ഞു വരുന്ന ഭൂരിപക്ഷമാണ്. 2020 ലെ കണക്കു പ്രകാരം 56 സീറ്റുകളിലെ ( മൊത്തം മണ്ഡലങ്ങളുടെ എണ്ണത്തിന്റെ 23 ശതമാനം ) ഭൂരിപക്ഷം ഇത്തവണത്തെ പുതിയ വോട്ടർമാരുടെ എണ്ണമായ 5765നേക്കാൾ കുറവാണ്. 2015 ലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ 41 മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തേക്കാൾ കൂടുതലാണ് ഇത്തവണത്തെ പുതിയ വോട്ടർമാരുടെ എണ്ണം
നവംബർ 6, 11 തിയ്യതികളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 14 നാണ്. ബിഹാറിൽ ആകെ 7.43 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ 3.92 കോടി പുരുഷൻമാരും 3.5 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുക. എൻഡിഎയും ഇന്ത്യസഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ(യുനൈറ്റഡ്), ലോക് ജന ശക്തി പാർട്ടികളാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.