< Back
India
ബിഹാർ;മായാവതി പിടിച്ച വോട്ടുകൾ ആരെ സഹായിച്ചു? ; കണക്കുകൾ പറയുന്നത് ഇതാണ്
India

ബിഹാർ;മായാവതി പിടിച്ച വോട്ടുകൾ ആരെ സഹായിച്ചു? ; കണക്കുകൾ പറയുന്നത് ഇതാണ്

Web Desk
|
15 Nov 2025 9:23 PM IST

20 സീറ്റുകളിലെ ജയ-പരാജയം ബിഎസ്പി തീരുമാനിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു

പട്‌ന: ബിഹാറിൽ എൻഡിഎ സഖ്യം വലിയ വിജയം നേടിയിരിക്കുകയാണ്. 243 സീറ്റിൽ 202 സീറ്റുകളാണ് എൻഡിഎ സഖ്യം നേടിയത്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് കരുതിയവരെ നിരാശപ്പെടുത്തുന്ന ഫലമാണ് വെള്ളിയാഴ്ച പുറത്തുവന്നത്. ബിഹാറിൽ കാര്യമായി സ്വാധീനമില്ലാത്ത പല പാർട്ടികളും മത്സരിച്ചത് ജയ-പരാജയത്തെ സ്വാധീനിച്ചു എന്ന കണക്കുകളാണ് പുറത്തുവരുന്നത്.

മായാവതിയുടെ ബിഎസ്പി മത്സരരംഗത്തേക്ക് വന്നതോടെ 20 സീറ്റുകളിലെ ഫലങ്ങളെ ബാധിച്ചു എന്നാണ് കണക്കുകൾ കാണിക്കുന്നത്. മഹാസഖ്യത്തിലെ പാർട്ടികൾ കുറെ വർഷങ്ങളായി മയാവതിയുടെ ബിഎസ്പിയെ ബിജെപിയുടെ ബി ടീം എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിഎസ്പി നേടിയ വോട്ടുകൾ മഹാസഖ്യത്തിന് എതിരായി. ബിഹാറിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

181 സീറ്റുകളിലാണ് ബിഎസ്പി ബിഹാറിൽ മത്സരിച്ചത്. അതിൽ 20 സീറ്റുകളുടെ ജയ-പരാജയങ്ങൾ ബിഎസ്പി സ്ഥാനാർത്ഥികൾ തീരുമാനിച്ചു എന്നതാണ് കണക്ക്. 18 സീറ്റുകളിലും മഹാസഖ്യത്തിന്റെ വിജയത്തെ ബിഎസ്പി സ്ഥാനാർത്ഥികൾ ഇല്ലാതാക്കി. രണ്ട് സീറ്റുകളിൽ എൻഡിഎയുടെ വിജയത്തേയും ബിഎസ്പി സ്ഥാനാർത്ഥിത്വം സ്വാധീനിച്ചു. 20 സീറ്റുകളിലും ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് ബിഎസ്പി സ്ഥാനാർത്ഥികൾ നേടി.

Similar Posts