< Back
India
erode bypoll
India

ഈറോഡ് ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് എൻഡിഎയും; ലക്ഷ്യം 2026, ഡിഎംകെയെ താഴെയിറക്കുമെന്ന് അണ്ണാമലൈ

Web Desk
|
13 Jan 2025 1:41 PM IST

എന്‍ഡിഎ കൂടി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരമില്ലാതാകും

ചെന്നൈ: ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് എൻഡിഎ. ഫെബ്രുവരി 5ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പകരം ഡി.എം.കെ.യെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ് ലക്ഷ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പ്രഖ്യാപിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ താഴെയിറക്കുക എന്നതിൽ മാത്രമായിരിക്കും പാർട്ടിയുടെ ശ്രദ്ധയെന്നും ബിജെപി. സംസ്ഥാന യൂണിറ്റ് ഞായറാഴ്‌ച പുറത്തുവിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ഉപതെരഞ്ഞെടുപ്പിനുള്ള ഉപതെരഞ്ഞെടുപ്പ്' എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു അണ്ണാമലൈയുടെ പ്രസ്‌താവന. 2022ൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളെ പരാമർശിക്കുകയായിരുന്നു പരിഹാസം. വരാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ലക്ഷ്യത്തിലേക്ക് എൻഡിഎ നീങ്ങുകയാണ്. 2026ലെ തെരഞ്ഞെടുപ്പിൽ ഡി‌എം‌കെയെ പുറത്താക്കി എൻ‌ഡി‌എയുടെ നല്ല ഭരണം ജനങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും അണ്ണാമലൈ പറഞ്ഞു

അധികാര ദുര്‍വിനിയോഗമാണ് ഡിഎംകെ. തമിഴ്‌നാട്ടില്‍ നടത്തുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സുരക്ഷിതത്വമില്ലാത്ത ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് സംസ്ഥാനം തള്ളിവിടപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഡിഎംകെ കള്ളക്കളികൾ ആവർത്തിക്കുമെന്നും ബിജെപി ആരോപിച്ചു.

എന്‍ഡിഎ കൂടി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മത്സരമില്ലാതാകും. മുൻ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ ഔദ്യോഗിക യന്ത്രങ്ങളും പണവും ദുരുപയോഗം ചെയ്‌തുവെന്ന്‌ ആരോപിച്ച് ശനിയാഴ്‌ച എ‌ഐ‌ഡി‌എം‌കെയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചിരുന്നു. 2023ലെ ഈറോഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡി‌എം‌കെ മസിൽ പവർ ഉപയോഗിച്ചു. സമാധാനപരമായ വോട്ടെടുപ്പ് തടയുന്നതിന് അവർ വീണ്ടും അതേ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് എ‌ഐ‌ഡി‌എം‌കെ മേധാവിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.

ഞായറാഴ്‌ച രാവിലെ എ‌ഐ‌ഡി‌എം‌കെയുടെ സഖ്യകക്ഷിയായ ഡി‌എം‌ഡി‌കെയും ഇതേപാത പിന്തുടർന്ന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വിജയ്‌യുടെ തമിഴക വെട്രി കഴകവും അറിയിച്ചു. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് പാർട്ടി അധ്യക്ഷന്‍ വിജയ് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് ബിജെപിയും ഡിഎംകെയും തമ്മിലുള്ള മത്സരത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബിജെപി. മത്സരിക്കും എന്ന പ്രതീക്ഷ ഔദ്യോഗിക പ്രസ്‌താവന പുറത്തുവന്നതോടെ ഇല്ലാതായിരിക്കുകയാണ്.

ഉന്നത കോണ്‍ഗ്രസ് നേതാവായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 14നാണ് ഇദ്ദേഹം രോഗബാധിതനായി മരിച്ചത്. സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ഡിഎംകെ. ശനിയാഴ്‌ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു.

Similar Posts