< Back
India
bjp flag
India

നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാർഥി പട്ടിക ബി.ജെ.പി ഉടൻ പുറത്തിറക്കും

Web Desk
|
17 Oct 2023 7:31 AM IST

നിർണായക ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ചേരും

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക ബി.ജെ.പി ഉടൻ പുറത്തിറക്കും. നിർണായക ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗം.

തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചരണം വിലയിരുത്തുക എന്നതാണ് ഇന്ന് ചേരുന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. ഇത് വരെ നടത്തിയ പ്രചരണം വോട്ടർമാരിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് പാർട്ടി പരിശോധിക്കും. അഞ്ച് സംസ്ഥാനങ്ങളിലും അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കുറിച്ചും ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ച ഉണ്ടായേക്കും. തീരുമാനത്തിൽ എത്താൻ സാധിക്കാത്ത സീറ്റുകൾ സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്യും. ഈ മാസം 22ന് മുൻപ് തെലങ്കാന സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ ആണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലും പുറത്തിറക്കേണ്ട പ്രകടന പത്രിക സംബന്ധിച്ചും ബി.ജെ.പിയിൽ ചർച്ച അവസാന ഘട്ടത്തിൽ ആണ്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കുള്ള 136 സ്ഥാനാർത്ഥികളെ ഇത് വരെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. 200 സീറ്റുകളുള്ള രാജസ്ഥാനിൽ 41 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മാത്രമേ ബി.ജെ.പിക്ക് സാധിച്ചിട്ടുള്ളൂ. സീറ്റ് നൽകാത്ത മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് പിന്തുണയുമായി കൂടുതൽ പ്രവർത്തകർ എത്തുന്നതും ബി.ജെ.പിക്ക് ഭീഷണിയാണ്.

Similar Posts