
എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ, സിദ്ധരാമയ്യ
കോൺഗ്രസുമായി അടുപ്പം: കർണാടകയിൽ രണ്ട് എംഎൽഎമാരെ കൂടി പുറത്താക്കി ബിജെപി: നിയമസഭയിലെ അംഗബലം 63 ആയി
|രാഷ്ട്രീയത്തിലെ ഗോഡ്ഫാദർ എന്നാണ് ഡി.കെ ശിവകുമാറിനെ പുറത്താക്കപ്പെട്ട എംഎൽഎമാരിലൊരാളായ സോമശേഖർ വിശേഷിപ്പിച്ചത്
ബെംഗളൂരു: കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പാർട്ടി ദേശീയ അച്ചടക്ക സമതിയുടെ നടപടി.
നേരത്തെ കോണ്‍ഗ്രസിലായിരുന്നു ഇരുവരും. അതിനാല്‍ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസില്‍ തന്നെ തിരികെ എത്താനാണ് സാധ്യത. 2019ലാണ് സോമശേഖറും ഹെബ്ബറും ബിജെപിയിലേക്ക് കൂറുമാറിയത്. ബിജാപൂർ സിറ്റി എംഎൽഎ, ബസനഗൗഡ പാട്ടീൽ യത്നലിനെയും നേരത്തെ ബിജെപി പുറത്താക്കിയിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൂന്ന് മാസത്തിനിടെ മൂന്ന് എംഎല്‍എമാരെയാണ് ബിജെപി പുറത്താക്കുന്നത്.
ഇതോടെ നിയമസഭയിൽ ബിജെപിയുടെ അംഗബലം 63ലേക്ക് എത്തി. യശ്വന്ത്പൂർ എംഎൽഎയാണ് സോമശേഖർ. യെല്ലപ്പൂരിനെയാണ് ഹെബ്ബാർ പ്രതിനിധീകരിക്കുന്നത്.
ബിജെപിയിൽ നിന്ന് അകലം പാലിച്ച്, കോൺഗ്രസ് നേതാക്കള്‍ക്കൊപ്പം ഇരുവരെയും നിരന്തരം കണ്ടിരുന്നു. നിയമസഭാ സമ്മേളനങ്ങളിൽ, പ്രതിപക്ഷത്തിന്റെ വാക്കൗട്ടുകളിൽ പങ്കെടുക്കാതെയും ഭരണകക്ഷിയായ കോൺഗ്രസിന് അനുകൂലമായി സംസാരിച്ചും ഇരുവരും പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ പ്രശംസിച്ചും സോമശേഖർ രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയത്തിലെ ഗോഡ്ഫാദർ എന്ന് ഡി.കെ ശിവകുമാറിനെ സോമശേഖർ വിശേഷിപ്പിച്ചിരുന്നു.
അതേസമയം ബിജെപിയുടെ പുറത്താക്കൽ തീരുമാനത്തെ ഇരുവരും സ്വാഗതം ചെയ്തു. എന്നാല്‍ ബിജെപിയുടെ അച്ചടക്ക നടപടിയെ രൂക്ഷമായി വിമർശിച്ച് ഡി.കെ ശിവകുമാർ രംഗത്ത് എത്തി.