< Back
India
വോട്ട് മോഷണത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെയും ബിജെപി മോഷ്ടിക്കുന്നു: നവീന്‍ പട്‌നായിക്

നവീന്‍ പട്‌നായിക് Photo- PTI

India

'വോട്ട് മോഷണത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെയും ബിജെപി മോഷ്ടിക്കുന്നു': നവീന്‍ പട്‌നായിക്

Web Desk
|
3 Nov 2025 5:49 PM IST

ഒഡീഷയിലെ നുവാപദ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു നവീൻ പട്നായികിന്റെ വിമർശനം

ഭുവനേശ്വര്‍: വോട്ടുമോഷണത്തിന് പിന്നാലെ സ്ഥാനാര്‍ഥികളെയും ബിജെപി മോഷ്ടിക്കുകയാണെന്ന് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീന്‍ പട്‌നായിക്. നുവാപദ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു നവീന്‍ പട്‌നായികിന്റെ വിമര്‍ശനം.

അസുഖം ഭേദമായതിന് ശേഷമുള്ള തന്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബിജെപിക്കെതിരെ നവീന്‍ രംഗത്ത് എത്തിയത്. നുവാപദയിലെ ബിജെഡി സ്ഥാനാർത്ഥി സ്നേഹാനിനി ചുരിയക്ക് വേണ്ടി വോട്ട് അഭ്യാര്‍ഥിച്ചായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ കടന്നാക്രമണം.

'' ബിജെഡിയെ ബിജെപി വഞ്ചിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാം. വോട്ടുമോഷണം നടത്തി അധികാരത്തില്‍ എത്തിയവര്‍ ഇപ്പോള്‍ സ്ഥാനാര്‍ഥികളെയും മോഷ്ടിക്കുകയാണ്''- അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റ് നീണ്ടുനിന്ന തന്റെ പ്രസംഗത്തിനിടെ, ഒഡീഷയിലെ ബിജെപി സർക്കാരിന്റെ പ്രകടനത്തെയും പട്നായിക് ചോദ്യം ചെയ്തു.

''കഴിഞ്ഞ 16 മാസമായി ബിജെപി സർക്കാർ വികസനത്തിലല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതുപണം ചിവഴിച്ച് പിആര്‍ പണികള്‍ നടത്തുകയാണ്. അതിനവര്‍ വീരന്മാരാണ്, പക്ഷേ ജോലിയിൽ പൂജ്യം. സംസ്ഥാനത്തുടനീളമുള്ള വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുന്നു''- നവീന്‍ പട്നായിക് വ്യക്തമാക്കി.

ബിജെഡി എംഎല്‍എയായിരുന്ന രാജേന്ദ്ര ധൊലാക്കിയയുടെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാജേന്ദ്രയുടെ മകനായ ജയ് ധൊലാക്കിയയെ മത്സരിപ്പിക്കാനായിരുന്നു ബിജെഡിയുടെ പദ്ധതി. എന്നാല്‍, ഉപതെരഞ്ഞെടുപ്പിന് മുമ്പ് അയാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ബിജെപി ടിക്കറ്റിലാണ് ജയ് മല്‍സരിക്കുന്നത്. നവംബർ 11 നാണ് തെരഞ്ഞെടുപ്പ്.

Similar Posts