< Back
India
ഉവൈസി വൈറസാണ്; തടയാനുള്ള വാക്‌സിന്‍ ന്യൂനപക്ഷ മോര്‍ച്ചയെന്ന് ബി.ജെ.പി നേതാവ്
India

ഉവൈസി വൈറസാണ്; തടയാനുള്ള വാക്‌സിന്‍ ന്യൂനപക്ഷ മോര്‍ച്ചയെന്ന് ബി.ജെ.പി നേതാവ്

Web Desk
|
11 Sept 2021 12:29 PM IST

മുഹമ്മദലി ജിന്നയെപ്പോലെ ആകരുതെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ബി.ജെ.പി നേതാവ് വിശ്വാസ് സാരംഗ് ഉവൈസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ വൈറസെന്ന് വിശേഷിപ്പിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്. ഉവൈസിയെ തടയാനുള്ള ഏക വാക്‌സിന്‍ ന്യൂനപക്ഷ മോര്‍ച്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മോതിഹാരിയില്‍ ന്യൂനപക്ഷ മോര്‍ച്ച റാലിയില്‍ സംസാരിക്കുമ്പോഴാണ് രാധാ മോഹന്‍ സിങ്ങിന്റെ വിവാദ പരാമര്‍ശം.

മുഹമ്മദലി ജിന്നയെപ്പോലെ ആകരുതെന്ന് കഴിഞ്ഞ ദിവസം മധ്യപ്രദേശ് ബി.ജെ.പി നേതാവ് വിശ്വാസ് സാരംഗ് ഉവൈസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച ഉവൈസിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഉവൈസിക്കെതിരെ ബരാബങ്കി സിറ്റി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം 100 സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. ബിഹാര്‍ മാതൃകയില്‍ യു.പിയിലും നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉവൈസി. 2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.

Similar Posts