< Back
India
ബംഗാളില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കുമെന്ന് ബിജെപി നേതാവ്;ഭൂമി പൂജ നടത്തി
India

ബംഗാളില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കുമെന്ന് ബിജെപി നേതാവ്;ഭൂമി പൂജ നടത്തി

Web Desk
|
7 Dec 2025 11:13 AM IST

സസ്പെൻഷനിലായ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ, ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ നീക്കം

കൊല്‍ക്കത്ത: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കുന്നതിനായി ബംഗാളില്‍ ഭൂമിപൂജയും ശിലാപ്രതിഷ്ഠയും നടത്തി ബിജെപി നേതാവ് .

സഖറോവ് സർക്കാറും മറ്റ് ബിജെപി പ്രവർത്തകരും ചേർന്നാണ് ബഹ്‌രംപൂരില്‍ ഭൂമിപൂജയും ശിലാപ്രതിഷ്ഠയും നടത്തിയത്.

''ബഹ്‌രംപൂരിൽ, അയോധ്യയിലെ രാമ ലാല ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, രാമമന്ദിർ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിക്കുന്നതിലൂടെ ശിലാപ്രതിഷ്ഠ നടത്തി. ബഹ്‌രംപൂരിലെ ഈ ക്ഷേത്രം വളരെ വലുതായിരിക്കും, കൂടാതെ ഒരു ആശുപത്രിയും ഒരു സ്കൂളും ഇതിൽ ഉൾപ്പെടും"- സഖറോവ് സർക്കാർ പറഞ്ഞു.

മുർഷിദാബാദിൽ സസ്പെൻഷനിലായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംഎൽഎ ഹുമയൂൺ കബീർ, ബാബരി മസ്ജിദ് മാതൃകയിലുള്ള പള്ളിക്ക് ശനിയാഴ്ച തറക്കല്ലിട്ടതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ നീക്കം. ഹുമയൂണ്‍ കബീര്‍ എംഎല്‍എ മുന്‍കയ്യെടുത്താണ് ബാബരി മസ്ജിദ് നിര്‍മിക്കുന്നത്. മുര്‍ഷിദാബാദിലെ ബെല്‍തംഗയിലാണ് പള്ളി.

ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ ഇഷ്ടികകൾ വഹിച്ച് ഇവിടേക്ക് എത്തിയിരുന്നു. പരിപാടിയുടെ മുന്നോടിയായി ബെൽതംഗയിലും പരിസര പ്രദേശങ്ങളും ഇന്നലെ രാവിലെ മുതൽ അതീവ ജാഗ്രതയിലായിരുന്നു. 1992 ഡിസംബര്‍ 6-ന് അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം ഡിസംബർ 22 ന് സ്വന്തം പാർട്ടി പ്രഖ്യാപിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

Similar Posts