< Back
India
സബ്കാ സാത്ത് മുദ്രാവാക്യത്തെ വഞ്ചിച്ചു; യോഗിയുടെ മുസ്‌ലിം വിരുദ്ധ നിലപാടിൽ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീരിലെ ബിജെപി നേതാവ്

Jahanzaib Sirwal | Photo | Special Arrangement

India

'സബ്കാ സാത്ത് മുദ്രാവാക്യത്തെ വഞ്ചിച്ചു'; യോഗിയുടെ മുസ്‌ലിം വിരുദ്ധ നിലപാടിൽ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീരിലെ ബിജെപി നേതാവ്

Web Desk
|
3 Oct 2025 4:11 PM IST

മുസ്‌ലിംകളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ബിജെപി എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി വിടുകയല്ലാതെ തന്റെ മുന്നിൽ മറ്റു വഴികളില്ലെന്നും ജഹാൻസൈബ് സിർവാൾ പറഞ്ഞു

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന മുസ്‌ലിം വിരുദ്ധ നിലപാടിൽ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീരിലെ ബിജെപി നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്' എന്ന കാഴ്ചപ്പാടിന് വിരുദ്ധമായാണ് ഉത്തർപ്രദേശിലെ കാര്യങ്ങൾ പോകുന്നതെന്നും ബിജെപി നേതാവായ ജഹാൻസൈബ് സിർവാൾ പറഞ്ഞു.

അടിസ്ഥാനരഹിതമായ നിയമനടപടികളും ശക്തമായ അടിച്ചമർത്തലുമാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ഒരു സമുദായത്തിന് എതിരെ മാത്രമല്ല, തെറ്റ് ചെയ്ത എല്ലാവർക്കുമെതിരെ നിഷ്പക്ഷമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. മുസ്‌ലിംകളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ബിജെപി എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടി വിടുകയല്ലാതെ തന്റെ മുന്നിൽ മറ്റു വഴികളില്ലെന്നും സിർവാൾ പറഞ്ഞു.

ഉത്തർപ്രദേശിലെ കാൺപൂരിൽ സെപ്റ്റംബർ നാലിന് നബിദിനത്തോട് അനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 24 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെപ്റ്റംബർ 26ന് ബറേലിയിൽ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകളുമായി ആളുകൾ സമ്മേളിച്ചത് സംഘർഷത്തിന് കാരണമായിരുന്നു. മുസ്‌ലിം പണ്ഡിതനായ തൗഖീർ റാസ അടക്കം 68 പേരെ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു.

അഭിമാനിയായ മുസ്‌ലിമും പ്രതിബദ്ധതയുള്ള ബിജെപി നേതാവായുമാണ് താൻ നിലകൊള്ളുന്നത്. 'ഐ ലവ് മുഹമ്മദ്' ബാനറിലൂടെ പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതിന്റെ പേരിൽ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്ന യുപി സർക്കാരിന്റെ നടപടികൾ തന്നെ വളരെയധികം വേദനിപ്പിച്ചെന്നും സിർവാൾ പറഞ്ഞു.

വിശ്വാസത്തിന്റെ പേരിലുള്ള ലളിതമായ ഒരു പ്രവൃത്തിയുടെ പേരിൽ കേസെടുക്കുകയും ജയിലിലടയ്ക്കുകയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. തലമുറകളെ പാഠം പഠിപ്പിക്കുമെന്നത് പോലുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവനകൾ ഭിന്നിപ്പിക്കുന്നതും സ്വതന്ത്രമായി മതാചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന അവകാശത്തിന്റെ ലംഘനവുമാണ്.

ആരുടെയും വിശ്വാസത്തെ ഭീഷണിപ്പെടുത്താൻ യുപി മുഖ്യമന്ത്രിക്ക് അവകാശമില്ല. അദ്ദേഹത്തിന്റെ വാചാടോപം ജനാധിപത്യ മൂല്യങ്ങളെ വഞ്ചിക്കുന്നതും ഭരണഘടനയെ അപമാനിക്കുന്നതുമാണ്. മുസ്‌ലിംകളെന്ന നിലയിൽ അത്തരം ഭീഷണികൾക്ക് വഴങ്ങില്ല. പ്രവാചകനോടുള്ള തങ്ങളുടെ സ്‌നേഹത്തെ ക്രിമിനൽവത്കരിക്കാൻ അനുവദിക്കില്ലെന്നും സിർവാൾ വ്യക്തമാക്കി.

ഒരു മുസ്‌ലിം ബിജെപി നേതാവെന്ന നിലയിൽ തന്റെ സമുദായത്തിന്റെ അവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോഴും സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയുടെ ഐക്യത്തോടുള്ള പ്രതിബദ്ധതയെ കളങ്കപ്പെടുത്തുമ്പോഴും തനിക്ക് മൗനം പാലിക്കാൻ കഴിയില്ല. അന്യായമായ എഫ്ഐആറുകൾ റദ്ദാക്കാനും, സമാധാനപരമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാനും, ഭിന്നതക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകൾ പിൻവലിക്കാനും ബിജെപി നേതൃത്വത്തോട് അഭ്യർഥിക്കുന്നു. ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താൻ ഒരു മുഖ്യമന്ത്രിയും അധികാരം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും സിർവാൾ ആവശ്യപ്പെട്ടു.

Similar Posts