< Back
India
ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ
India

ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സൺ

Web Desk
|
16 Feb 2023 6:03 PM IST

ഡൽഹി ഹജ്ജ് കമ്മിറ്റ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് കൗസർ ജഹാൻ.

ന്യൂഡൽഹി: ബി.ജെ.പി നേതാവ് കൗസർ ജഹാനെ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. ഡൽഹി സെക്രട്ടറിയേറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് വോട്ട് നേടിയാണ് കൗസർ ജഹാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി ഹജ്ജ് കമ്മിറ്റ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് കൗസർ. ഡൽഹിയിലെ മുൻ കോൺഗ്രസ് അധ്യക്ഷയായിരുന്ന തജ്ദാർ ബാബറാണ് ഇതിന് മുമ്പ് ഹജ്ജ് കമ്മിറ്റി അധ്യക്ഷയായ ഏക വനിത.

കമ്മിറ്റിയിൽ ആറ് അംഗങ്ങളാണുള്ളത്. എം.എൽ.എമാരായ അബ്ദുൽ റഹ്മാൻ, ഹാജി യൂനുസ് എന്നിവരാണ് എ.എ.പി അംഗങ്ങൾ. കൗസർ ജഹാന് പുറമെ മുസ്‌ലിം പണ്ഡിതൻമാരിൽനിന്ന് ബി.ജെ.പി നാമനിർദേശം ചെയ്ത മുഹമ്മദ് സഅദ്, കോൺഗ്രസ് കൗൺസിലറായ നാസിയ ഡാനിഷ്, ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സ്വന്തം വോട്ടിന് പുറമെ ഗംഭീറിന്റെയും സഅദിന്റെയും വോട്ടുകളാണ് കൗസറിന് ലഭിച്ചത്. നാസിയ ഡാനിഷ് വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിച്ചാണ് ഹജ്ജ് കമ്മിറ്റി പിടിച്ചെടുത്തതെന്ന് എ.എ.പി ആരോപിച്ചു.

എ.എ.പി ഡൽഹിയിൽ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് അവർക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടപ്പെടുന്നത്. മുസ്‌ലിം സമുദായത്തിന് ബി.ജെ.പിയിൽ വിശ്വാസം വർധിക്കുന്നതിന്റെ തെളിവാണ് കൗസർ ജഹാന്റെ വിജയമെന്ന് ഡൽഹി ബി.ജെ.പി വർക്കിങ് പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.


Similar Posts