< Back
India
പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം; ഉത്തർപ്രദേശിൽ പൊലീസ് നോക്കിനിൽക്കേ കാർഡ്രൈവറെ മുട്ടുകുത്തി മാപ്പു പറയിച്ച് ബിജെപി നേതാവ്
India

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം; ഉത്തർപ്രദേശിൽ പൊലീസ് നോക്കിനിൽക്കേ കാർഡ്രൈവറെ മുട്ടുകുത്തി മാപ്പു പറയിച്ച് ബിജെപി നേതാവ്

Web Desk
|
22 Oct 2025 2:01 PM IST

ഉത്തർ പ്രദേശ് മന്ത്രി സോമേന്ദ്ര തോമറുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഡ്രൈവറോട് മോശമായി പെരുമാറിയത്

മീററ്റ്: ഉത്തർ പ്രദേശിലെ മീററ്റിൽ പൊലീസ് നോക്കിനിൽക്കെ കാർ ഡ്രൈവറെ മുട്ടുകുത്തിച്ച് മാപ്പ് പറയിച്ച് ബിജെപി നേതാവ് വികുൽ ചപ്രണ. ഉത്തർ പ്രദേശ് മന്ത്രി സോമേന്ദ്ര തോമറുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഡ്രൈവറോട് മോശമായി പെരുമാറിയത്. മീററ്റ് സൗത്ത് മണ്ഡലത്തിലെ ജന പ്രതിനിധിയായ തോമർ ഉത്തർ പ്രദേശ് ഊർജ മന്ത്രിയാണ്. സംസ്ഥാനത്തെ ബിജെപി യുവനേതാക്കളിൽ ഒരാളായ വികുൽ ചപ്രണ മന്ത്രിയുടെ അടുത്ത അനുയായി കൂടിയാണ്.

മുട്ടുകുത്തി, തല നിലത്ത് തൊട്ട് മാപ്പ് അപേക്ഷിക്കുന്ന മധ്യവയസ്കനായ കാർ ഡ്രൈവർ കൈകൂപ്പി യാചിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് കോൺഗ്രസ് വിഷയം ഏറ്റെടുത്തു. വിഡിയോ ദൃശ്യം ഔദ്യോഗിക 'എക്സ്' പേജിൽ പങ്കുവെച്ച കോൺഗ്രസ് ബിജെപിയുടെ യഥാർത്ഥ മുഖം ഇതാണെന്നും ജനങ്ങളെ വെറും കീടങ്ങളെ പോലെ കണക്കാക്കുയും നേതാക്കൾ രാജാവിനെ പോലെ വാഴുകയും ചെയ്യുന്നതാണ് അവരുടെ ശൈലിയെന്നും വിമർശിച്ചു.

സംഭവത്തിൽ പൊലീസിന്റെ നിഷ്‌ക്രിയത്വം ഉത്തർപ്രദേശിൽ വളർന്നുവരുന്ന സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് സോഷ്യൽ മീഡിയ വിമർശിച്ചു. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിച്ചുവരികയാണ്.' മീററ്റ് പൊലീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.



Similar Posts