
ബിഹാറിൽ ബിജെപി നേതാവിന് പട്ടാപ്പകൽ വെടിയേറ്റു; നില ഗുരുതരം
|നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാറിനെ നാട്ടുകാർ ഖഗാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ന: ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു. ഖഗാരിയ ജില്ലയിലെ നേതാവായ ദിലീപ് കുമാറിനാണ് അജ്ഞാതരുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൻഗൗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു സംഭവം. കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അജ്ഞാതർ ആക്രമിച്ചത്. നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാറിനെ നാട്ടുകാർ ഖഗാരിയ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ബിജെപിയുടെ ഖഗാരിയയിലെ പ്രമുഖ നേതാവാണ് ദിലീപ് കുമാർ. പാർട്ടി ജില്ലാ വർക്കിങ് കമ്മിറ്റിയംഗമായ ദിലീപ് മുൻ പഞ്ചായത്ത് സമിതിയംഗവുമായിരുന്നു. വെടിയേറ്റ കാര്യം ഭർത്താവ് തന്നെയാണ് വിളിച്ച് പറഞ്ഞതെന്ന് ഭാര്യ പ്രതികരിച്ചു.
സംഭവത്തിൽ ഇതുവരെ ബിജെപി നേതാവിന്റെ കുടുംബത്തിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് ഗൻഗൗർ പൊലീസ് സ്റ്റേഷൻ ഇൻ- ചാർജ് സുന്ദർ പാസ്വാൻ പറഞ്ഞു. എന്നാൽ, പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ദിലീപ് കുമാറിന്റെ മൊഴിയെടുക്കാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. പ്രതിയെയും ആക്രമണ കാരണവും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടാപ്പകൽ ബിജെപി നേതാവിനെതിരെയുണ്ടായ ആക്രമണം ഖഗാരിയയിലെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടു.