
500 രൂപയുടെ നോട്ടുകെട്ടുകൾക്ക് നടുവിൽ ബിജെപി നേതാവ്; വീഡിയോ വൈറലായതോടെ മന്ത്രവാദമെന്ന് ന്യായീകരണം
|മന്ത്രവാദികളുടെ സൃഷ്ടിയാണെന്നാണ് വാദം
ലക്നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ 500 രൂപ നോട്ടുകെട്ടുകൾക്ക് നടുവിലുള്ള ബിജെപി നേതാവ് ഗൗതം തിവാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുറിയുടെ ഒരു മൂലയിലെ ചുവന്ന പരവതാനിയിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ വെച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. മൊബൈൽ ഫ്ലാഷ്‌ലൈറ്റ് ഉപയോഗിച്ച് തിവാരി നോട്ടുകെട്ടുകൾ പരിശോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
താനാണ് തട്ടിപ്പിനിരയായതെന്നാണ് തിവാരിയുടെ വാദം. 1. 43 കോടി രൂപ നഷ്ടപ്പെട്ടുവെന്നും ഇയാൾ പറയുന്നു. തന്ത്ര മന്ത്രങ്ങൾ പരിശീലിക്കുന്ന ആളുകളുടെ ഗൂഢാലോചനയുടെ ഫലമാണ് ഈ സംഭവമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂമി ഇടപാടിന്റെ പേരിൽ അഞ്ചോ ആറോ പേരടങ്ങുന്ന ഒരു സംഘം തന്നെ വഞ്ചിക്കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, വ്യാജ കറൻസി കെട്ടുകൾ ഉപയോഗിച്ച് വീഡിയോ നിർമ്മിച്ച് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ഇത് മന്ത്രവാദികളുടെ സൃഷ്ടിയാണ്. വാരണാസിയിലെ തട്ടിപ്പുകാരിൽ ചിലരാണ് തന്നെ സമീപിച്ചത്. തന്ത്ര മന്ത്രത്തിലൂടെ സമ്പത്ത് വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.
അത് പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.43 കോടി രൂപ കൈമാറി. വഞ്ചിക്കപ്പെട്ടതായി മനസിലാക്കുകയും തന്റെ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്നും ഇയാൾ പറയുന്നു.
പ്രധാന പ്രതി, കൈകൾ വായുവിൽ വീശി 50,000 രൂപയുടെ കെട്ട് ഉണ്ടാക്കുന്ന ഒരു അത്ഭുതം കാണിച്ചു. ഈ വഞ്ചനയിൽ താൻ വീണുപോവുകയും സ്കോർപിയോ കാറും വീടും വിറ്റ് 1.43 കോടി രൂപ സമാഹരിച്ചു നൽകിയതായും പറയുന്നു. പണം പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇയാൾ വിശദീകരിക്കുന്നു.
ഇതുസംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഔപചാരികമായ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പും പറയുന്നു.