
തപസി മണ്ഡല്-സുവേന്ദു അധികാരി- മമത ബാനര്‍ജി
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി: തപസി മണ്ഡല് എംഎൽഎ പാർട്ടിവിട്ട് തൃണമൂൽ കോൺഗ്രസിൽ
|2021ന് ശേഷം 12 എംഎൽഎമാരാണ് ബിജെപി വിട്ടത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഒരു എംഎൽഎ കൂടി തൃണമൂൽ കോൺഗ്രസിലേക്ക്.
പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഉറ്റ അനുയായി ആയ തപസി മണ്ഡലാണ് പാർട്ടി വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എംഎല്‍എ കൂടി നഷ്ടമാകുന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സുവേന്ദു അധികാരിക്കും കനത്ത തിരിച്ചടിയാണ്.
അധികാരിയുടെ തട്ടകമായ പൂർബ മേദിനിപുരിലെ ഹാൽദിയ മണ്ഡലത്തെയാണ് തപസി മണ്ഡൽ പ്രതിനിധീകരിക്കുന്നത്. സംസ്ഥാന ഊർജമന്ത്രി അരൂപ് ബിശ്വാസിന്റെ സാന്നിധ്യത്തിലാണ് തപസി തൃണമൂൽ അംഗത്വമെടുത്തത്.
2016ൽ സിപിഎം സ്ഥാനാർഥിയായി ഹാൽദിയയിൽ മത്സരിച്ചു വിജയിച്ച തപസി മണ്ഡൽ 2020 ഡിസംബറിൽ സുവേന്ദു അധികാരിക്കൊപ്പം ബിജെപിയിൽ ചേരുകയായിരുന്നു. 2021ൽ തപസി ബിജെപി ടിക്കറ്റിൽ വിജയിച്ചു. ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത് എന്നാണ് തപസി മണ്ഡല് വ്യക്തമാക്കിയത്. എന്നാല്‍ തപസി മണ്ഡല് അവസരവാദിയാണെന്നും ജനങ്ങൾ അവരെ തള്ളിക്കളയുമെന്നും ബിജെപി പ്രതികരിച്ചു.
അതേസമയം 2021 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം 12 ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 77 സീറ്റിലായിരുന്നു ബിജെപി വിജയിച്ചത്. ഇപ്പോള്‍ 65 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്.