< Back
India
മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ഇന്നലെ അറസ്റ്റിലായ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്ക് ജാമ്യം
India

മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ഇന്നലെ അറസ്റ്റിലായ ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായക്ക് ജാമ്യം

Web Desk
|
11 Aug 2021 8:19 PM IST

കാലഹരണപ്പെട്ട കൊളോണിയല്‍ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്.

ഡല്‍ഹി ജന്തര്‍മന്ദറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായക്ക് ജാമ്യം. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇന്നലെയാണ് അശ്വിനി കുമാറിനെയും മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. 50,000 രൂപയുടെ ബോണ്ടിലാണ് അശ്വനി കുമാറിന് ജാമ്യം അനുവദിച്ചത്.

ജന്തര്‍മന്ദറില്‍ ഞായറാഴ്ച ഭാരത് ഛോഡോ ആന്തോളന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അശ്വിനി കുമാറിനെ അറസ്റ്റ് ചെയ്തത്.

വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗം നടന്നത് പ്രതിയുടെ സാന്നിധ്യത്തിലോ പ്രതിയുടെ നിര്‍ദേശപ്രകാരമോ നടന്നതാണെന്ന് തെളിയിക്കാന്‍ യാതൊരു തെളിവുമില്ലെന്ന് കോടതി പറഞ്ഞു. അശ്വിനി കുമാര്‍ നഗരം വിട്ടുപോവാന്‍ യാതൊരു സാധ്യതയുമില്ലെന്നും അതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അടഞ്ഞ വാതിലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നു എന്നതില്‍ സംശയമില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. എന്നിരുന്നാലും ചില ആശങ്കകളുടെ പേരില്‍ ഒരു പൗരന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

കാലഹരണപ്പെട്ട കൊളോണിയല്‍ നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് സേവ് ഇന്ത്യ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. ഈ സംഘടനയുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും ചടങ്ങില്‍ അതിഥിയായാണ് പങ്കെടുത്തതെന്നും അശ്വിനി കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

Related Tags :
Similar Posts