
ക്രെയിനിൽ കയറി പ്രതിമയിൽ മാലയിടൽ; ക്രെയിൻ കുടുങ്ങിയിതിന് പിന്നാലെ ജീവനക്കാരനെ മർദിച്ച് ബിജെപി എം.പി
|ബിജെപി എംപി ഗണേഷ് സിങാണ് ജീവനക്കാരനെ മർദിച്ചത്
ഭോപ്പാൽ: അംബേദ്ക്കറുടെ പ്രതിമയിൽ മാലയിടുന്നതിനിടെ ക്രെയിനിൽ കുടുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്തടിച്ച് ബിജെപി എംപി ഗണേഷ് സിങ്. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന റൺ ഫോർ യൂനിറ്റി ചടങ്ങിൽ വെച്ചാണ് ക്രെയിൻ ഓപ്പറേറ്ററെ എംപി അടിച്ചത്.
വെള്ളിയാഴ്ച മധ്യപ്രദേശിലെ സെമാരിയ ചൗക്കിൽ വെച്ചാണ് സംഭവം. ബി.ആർ.അംബേദ്ക്കറുടെ പ്രതിമയിൽ മാല ചാർത്തി ഇറങ്ങുന്നതിനിടെയാണ് ക്രെയിൻ കുലുങ്ങുകയും പെട്ടെന്ന് നിൽക്കുകയുമായിരുന്നു. ഏതാനും സെക്കന്റുകൾ മാത്രമാണ് ക്രെയിൻ നിശ്ചലമായത്. ദോഷ്യപ്പെട്ട എംപി ഉദ്യോഗസ്ഥരുടേയും പാർട്ടി പ്രവർത്തകരുടേയും മുന്നിൽ വെച്ചാണ് ക്രെയിൻ ഓപ്പറേറ്ററെ മർദിക്കുന്നത്. അതേസമയം, തന്റെ പിഴവല്ല, സാങ്കേതിക തകരാർ മൂലമാണ് ക്രെയിനിന് കുലുക്കമുണ്ടായതെന്നാണ് ക്രെയിൻ ഓപ്പറേറ്റർ ഗണേഷ് കുഷ്‌വാഹ പറയുന്നത്.
എംപി ക്രെയിൻ ഓപ്പറേറ്ററെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംപിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. അധികാരത്തിന്റെ അഹങ്കാരമാണ് എംപിയിൽ നിന്ന് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, എംപിയെ പിന്തുണച്ച് അദ്ദേഹത്തിന്റെ ചില ഉദ്യോഗസ്ഥർ രംഗത്തുവന്നു. എംപി ക്രെയിൻ ഓപ്പറേറ്ററെ മർദിക്കുകമാത്രമാണ് ചെയ്തതെന്നും ക്രെയിൻ ഓപ്പറേറ്ററുടെ കൈയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു വേണ്ടതെന്ന എംപിയുടെ ഉദ്യോഗസ്ഥന്റെ പ്രതികരണവും വിവാദമായി.