
പരിക്കേറ്റ ബിജെപി എംപി ഖഗന്‍ മുര്‍മു Photo- India Today
ബംഗാളിൽ മഴക്കെടുതി കാണാനെത്തിയ ബിജെപി എംപിയെ കല്ലെറിഞ്ഞ് നാട്ടുകാർ; ഖഗൻ മുർമുവിന് ഗുരുതര പരിക്ക്
|വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശം സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ബിജെപി എംപി ഖഗന്‍ മുര്‍മു, എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരെത്തിയത്
കൊൽക്കത്ത: പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിയേയും എംഎല്‍എയേയും നാട്ടുകാര്‍ കല്ലെറിഞ്ഞു.
പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകതയില്‍ തിങ്കളാഴ്ത ഉച്ചയോടെയാണ് സംഭവം. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശം സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ബിജെപി എംപി ഖഗന്‍ മുര്‍മു, എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരെത്തിയത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖഗൻ മുർമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെറ്റിയില്‍ നിന്നും ചോരവാര്‍ന്ന നിലയില്‍ കാറിലിരിക്കുന്ന എംപിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജൽപായ്ഗുരി ജില്ലയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എത്തിയതായിരുന്നു എംപി. പിന്നാലെ നാട്ടുകാര്‍ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. എംപിയുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു.
അതേസമയം പരിക്കേറ്റ എംപിയെ മുഖ്യമന്ത്രി മമത ബാനർജി സന്ദര്‍ശിച്ചു. അക്രമത്തിന്റെ പശ്ചാതലത്തില്‍ ടിഎംസിയും ബിജെപിയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിലാണ് മമതയുടെ സന്ദര്‍ശനം. എംപിയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘവുമായി ബാനർജി ആശയവിനിമയം നടത്തി, സംസ്ഥാന സർക്കാരിന്റെ ആവശ്യമായ എല്ലാ പിന്തുണയും മുഖ്യമന്ത്രി പങ്കുവെച്ചു.
നേരത്തെ സിപിഎം എംഎൽഎ ആയിരുന്നു ഖഗൻ മുർമു. 2019ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മാൽദഹ ഉത്തറില്‍ നിന്നാണ് അദ്ദേഹം എംപിയായി തെരഞ്ഞെടുത്തത്.