< Back
India
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണം:  നടപടികളാരംഭിച്ച് ബിജെപി എംപി
India

'രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണം': നടപടികളാരംഭിച്ച് ബിജെപി എംപി

റിഷാദ് അലി
|
12 Feb 2026 1:37 PM IST

രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി. ഇതിനായുള്ള നടപടികള്‍ എംപി നിഷികാന്ത് ദുബെ ആരംഭിച്ചു.

മുൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചു എന്നതുൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ രാഹുൽ ഗാന്ധിയും ബിജെപി എംപിമാരും തമ്മിലുണ്ടായ രൂക്ഷമായ വാഗ്വാദങ്ങൾക്കിടയിലാണ് ദുബെയുടെ നീക്കം.

എപ്‌സ്റ്റൈൻ ഫയൽസ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മുൻ നയതന്ത്രജ്ഞൻ കൂടിയായ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്ത് എത്തിയിരുന്നു.

രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് രേഖകൾ സമർപ്പിച്ചതിന് പിന്നാലെ, അദ്ദേഹത്തിന് വിദേശശക്തികളുമായി ബന്ധമുണ്ടെന്നും ദുബെ ആരോപിച്ചു. "രാജ്യത്തെ തകർക്കാൻ ലക്ഷ്യമിടുന്ന രാഹുൽ ഗാന്ധിക്ക് ആരാണ് ഫണ്ട് നൽകുന്നത്? പ്രസിദ്ധീകരിക്കാത്ത പുസ്തകം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചു? രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം," ദുബെ ആവശ്യപ്പെട്ടു.

മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ.

അയോഗ്യതാ നടപടികള്‍ രാഹുല്‍ ഗാന്ധി നേരിടുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയിരുന്നു. എന്നാല്‍ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Similar Posts