< Back
India
BJP MP Nishikant Dubey urges LS Speaker to initiate breach of privilege motion against Rahul Gandhi
India

'ചരിത്ര വസ്തുതകൾ വളച്ചൊടിച്ചു'; രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി എംപി

Web Desk
|
4 Feb 2025 7:51 PM IST

തിങ്കളാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.

ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിജെപി എംപി നിഷികാന്ത് ദുബെ. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ ചരിത്രപരവും പ്രധാനപ്പെട്ടതുമായ വസ്തുതകളെ ലജ്ജയില്ലാതെ വളച്ചൊടിക്കുക മാത്രമല്ല, രാജ്യത്തെ പരിഹസിക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അന്തസ് താഴ്ത്താനും ശ്രമിച്ചെന്ന് ദുബെയുടെ പരാതിയിൽ പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആധികാരികമാവണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി അത് പാലിച്ചില്ലെന്ന് ദുബെ ആരോപിച്ചു. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമിക്കുന്നില്ലെന്നും ചൈനയുടെ ഇന്ത്യയുടെ ഭൂമി കയ്യേറിയെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണ് എന്നാണ് ദുബെയുടെ വാദം.

പാർലമെന്റിൽ എംപിമാർ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 105 രാഹുൽ ഗാന്ധി ദുരുപയോഗം ചെയ്യുകയാണെന്ന് ദുബെ തന്റെ പരാതിയിൽ ആരോപിച്ചു. രാജ്യത്തെയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ രാഹുൽ പാർലമെന്റിനെ ഉപയോഗപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

തിങ്കളാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. ഇന്ത്യയുടെ 4000 ഏക്കർ ഭൂമി ചൈന കയ്യേറിയെന്നത് പ്രധാനമന്ത്രി നിഷേധിച്ചെങ്കിലും സൈന്യം ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രാതിനിധ്യം 400 കടക്കുമെന്നും ഭരണഘടന മാറ്റുമെന്നും പറഞ്ഞവർക്ക് ഭരണഘടന നെറ്റിയിൽവെച്ച് തലകുനിക്കേണ്ടിവന്നുവെന്നും രാഹുൽ പരിഹസിച്ചിരുന്നു.

Similar Posts