
''അയോധ്യയിൽ രാമന്റെ പേരിൽ ബിജെപിയുടെ അഴിമതി''; വിമർശനവുമായി പ്രിയങ്ക ഗാന്ധി
|സത്യത്തിന്റെയും സത്യസന്ധതയുടെയും മൂർത്തീരൂപമായ രാമന്റെ പേരിൽ അഴിമതി നടത്തി രാജ്യത്തിന്റെ മൊത്തം വികാരത്തെയാണ് ബിജെപി സർക്കാർ വ്രണപ്പെടുത്തിയിരിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി
അയോധ്യയിൽ നടന്നത് ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭവത്തിൽ യോഗി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത് കണ്ണിൽ പൊടിയിടാനാണെന്നും പ്രിയങ്ക ആരോപിച്ചു. രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപി നേതാക്കളും യുപി സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അവർ വിമർശിച്ചു.
രാമക്ഷേത്ര ട്രസ്റ്റിനുള്ള സംഭാവനകൾ രാജ്യത്തുടനീളംനിന്ന് ശേഖരിച്ചതാണ്. പാവപ്പെട്ടവർ പോലും അതിലേക്ക് സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ദലിതരുടെ ഭൂമി അപഹരിക്കപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം കുറഞ്ഞ വിലയുള്ള ചില ഭൂമികൾ ഉയർന്ന വിലയ്ക്കാണ് വിറ്റിരിക്കുന്നത്. വിശ്വാസികളുടെ സംഭാവനകൾ അഴിമതിക്കായി ഉപയോഗിച്ചതിന്റെ സൂചനയാണിത്-പ്രിയങ്ക ഗാന്ധി വിമർശിച്ചു.
ഒരേ ഭൂമിയുടെ രണ്ടു ഭാഗങ്ങൾ വ്യത്യസ്ത വിലയ്ക്കാണ് വിറ്റിരിക്കുന്നത്. ആർഎസ്എസ് നേതാവും രാമക്ഷേത്ര ട്രസ്റ്റിയുമായ അനിൽ മിശ്ര, അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ എന്നിവരെല്ലാം ഈ ഇടപാടിന് സാക്ഷിയാണ്. സത്യത്തിന്റെയും സത്യസന്ധതയുടെയും മൂർത്തീരൂപമായ രാമന്റെ പേരിൽ അഴിമതി നടത്തി രാജ്യത്തിന്റെ മൊത്തം വികാരത്തെയാണ് ബിജെപി സർക്കാർ വ്രണപ്പെടുത്തിയിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നടക്കുന്ന രാമക്ഷേത്ര നിർമാണത്തിന്റെ ഭാഗമായാണ് വൻ അഴിമതി പുറത്തായിരിക്കുന്നത്. ക്ഷേത്രം ഉയരുന്ന ഭൂമിക്കടുത്തായാണ് വൻതോതിൽ തട്ടിപ്പ് നടന്നിരിക്കുന്നത്. കോടികളുടെ ഭൂമി തട്ടിപ്പിൽ മുതിർന്ന ബിജെപി നേതാക്കളെല്ലാം പങ്കാളികളാണ്. ഇതു പുറത്തെത്തിയതോടെ ഇന്ന് യുപി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: BJP officebearers and UP government officials are looting people in the name of Ram Mandir, hurting the sentiments of the entire nation by committing corruption in the name of Lord Ram, who was the epitome of truth and honesty", Congress General Secretary Priyanka Gandhi Vadra