< Back
India
maharashtra legislative council election nagpur result

സുധാകര്‍ അദ്ബലെ

India

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ആര്‍.എസ്.എസ് ആസ്ഥാനത്തെ സീറ്റില്‍ ബി.ജെപിക്ക് തോല്‍വി

Web Desk
|
3 Feb 2023 8:04 AM IST

സിറ്റിങ് സീറ്റിലാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തോല്‍വി. ശിവസേന ഉദ്ധവ് പക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും എന്‍.സി.പിയുടെയും നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യ സ്ഥാനാര്‍ഥി സുധാകര്‍ അദ്ബലെയാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ വിജയിച്ചത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും തട്ടകം കൂടിയാണ് നാഗ്പൂര്‍. അവിടെയാണ് എം.എല്‍.സി തെരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ ടീച്ചേഴ്സ് സീറ്റില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ഥി നാഗോ ഗനാറിന് തോല്‍വി നേരിടേണ്ടിവന്നത്. സുധാകര്‍ അദ്ബലെ 7,752 വോട്ടിനാണ് ഗനാറിനെ തോല്‍പ്പിച്ചത്.

"ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായി കോൺഗ്രസ് പാർട്ടിയുടെ വലിയ വിജയമാണിത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരുടെ നഗരം കൂടിയാണ് നാഗ്പൂർ. അതിനാൽ ബി.ജെ.പിക്കെതിരായ കോൺഗ്രസിന്റെ ഈ വിജയത്തിന് വലിയ അർത്ഥമുണ്ട്"- കോൺഗ്രസ് ജനറൽ സെക്രട്ടറി ആശിഷ് ദുവ പറഞ്ഞു.

"അധ്യാപകരും ബിരുദധാരികളും ബി.ജെ.പിയെ പാടെ തള്ളിക്കളഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും മഹാ വികാസ് അഘാഡി സഖ്യം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്"- എന്‍.സി.പി നേതാവ് അജിത് പവാർ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അഞ്ച് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കണ്‍, ഔറംഗബാദ്, അമരാവതി, നാസിക് എന്നിവിടങ്ങളിലെ സീറ്റുകളില്‍ കൊങ്കണ്‍ ഡിവിഷന്‍ ടീച്ചേഴ്‌സ് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

Summary- In a surprise result, the BJP has lost the MLC elections to the Congress party in its home turf Nagpur and other constituencies in Maharashtra.

Similar Posts