< Back
India
വൈകാതെ ബിജെപി  സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും: ഉവൈസി
India

വൈകാതെ ബിജെപി 'സവര്‍ക്കറെ രാഷ്ട്രപിതാവായി' പ്രഖ്യാപിക്കും: ഉവൈസി

Web Desk
|
13 Oct 2021 6:46 PM IST

ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു അസദുദീന്‍ ഉവൈസിയുടെ പ്രസ്താവന

വൈകാതെ ബിജെപി സവര്‍ക്കറെ ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു അസദുദീന്‍ ഉവൈസിയുടെ പ്രസ്താവന. താമസിയാതെ വിനായക് ദാമോദര്‍ സവര്‍ക്കറെ ബിജെപി രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നും ഉവൈസി പരിഹസിച്ചു.

ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഗാന്ധി വധത്തില്‍ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ പ്രഖ്യാപിച്ച സവര്‍ക്കറെ രാഷ്ട്രപിതാവാക്കും. - എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.

മഹാത്മാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹു കുഡ് ഹാവ് പിവന്റഡ് പാര്‍ട്ടീഷ്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നാണ് രാജ്നാഥിന്റെ വാദം. 'ഞങ്ങള്‍ സമാധാനപൂര്‍വം സ്വാത്രന്ത്ര്യത്തിനു വേണ്ടി പോരാടുന്നതു പോലെ സവര്‍ക്കറും ഇനി സമാധാനപാതയിലേ പ്രവര്‍ത്തിക്കൂവെന്ന് ഉറപ്പു നല്‍കുന്നു' എന്നു ഗാന്ധിജിയും എഴുതിയത്രേ. സവര്‍ക്കര്‍ ഒരു ആല്‍മരമാണെന്നും തങ്ങള്‍ അതിലെ ശിഖരങ്ങള്‍ മാത്രമാണെന്നും കമ്യൂണിസ്റ്റ് വിപ്ലവകാരി എം.എന്‍. റോയി പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് സവര്‍ക്കറെ അപമാനിക്കാന്‍ ചിലര്‍ വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

Similar Posts