< Back
India
യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാൻ ബിജെപി പ്രവർത്തകൻ വഴിതെറ്റി എത്തിയത് കോൺഗ്രസ് ഓഫീസിൽ; പിന്നാലെ കോൺഗ്രസ് എംഎൽഎ ചെയ്തത്

Image credit-X

India

യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാൻ ബിജെപി പ്രവർത്തകൻ വഴിതെറ്റി എത്തിയത് കോൺഗ്രസ് ഓഫീസിൽ; പിന്നാലെ കോൺഗ്രസ് എംഎൽഎ ചെയ്തത്

അൻഫസ് കൊണ്ടോട്ടി
|
26 Feb 2026 5:03 PM IST

ഡൽഹി എഐ ഉച്ചകോടിക്കിടെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ ബിജെപി ആസൂത്രണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിത്തിരിച്ച ബിജെപി പ്രവർത്തകനാണ് വഴിമാറി കോൺഗ്രസ് ഓഫീസിലെത്തിയത്

ഭോപാല്‍: വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അതുവഴിയുണ്ടാകുന്ന തര്‍ക്കങ്ങളും രാജ്യത്ത് പലപ്പോഴായി ചർച്ചാവിഷയമാകാറുണ്ട്. പ്രതിപക്ഷ ബഹുമാനം തീരെ പരിഗണിക്കാതെ ഇരുപാർട്ടിക്കാർ തമ്മിലുള്ള തർക്കങ്ങൾ കൊലവിളിയിലേക്കും കയ്യേറ്റശ്രമങ്ങളിലേക്കും വരെ എത്താറുണ്ട്.

ഇപ്പോഴിതാ, വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് ഭോപാല്‍. ഡൽഹി എഐ ഉച്ചകോടിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ ബിജെപി ആസൂത്രണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇറങ്ങിത്തിരിച്ച ബിജെപി പ്രവർത്തകൻ വഴിമാറി നേരെ ചെന്നുകയറുന്നത് കോൺഗ്രസ് ഓഫീസിൽ. ഇയാളെ കണ്ടപാടെ ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർക്കും നാട്ടുകാർക്കും ചിരിപൊട്ടി. അമളി പിണഞ്ഞെന്ന് തിരിച്ചറിഞ്ഞതോടെ ബിജെപി പ്രവര്‍ത്തകനും കൂടെ ചിരിക്കുകയായിരുന്നു.

വഴിതെറ്റിയ വിവരമറിഞ്ഞ് പ്രയാസപ്പെട്ട് നിൽക്കുന്ന പ്രവർത്തകനെ കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് സ്കൂട്ടറിൽ ബിജെപി ഓഫീസിലെത്തിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് എംഎല്‍എയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയും ചെയ്തു. വീഡിയോക്ക് പിന്നാലെ എംഎല്‍എയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തുകയും ചെയ്തു.

'ആ പാവം മനുഷ്യന് വഴിതെറ്റിയതാണ്. മോനേ, നിനക്ക് വഴിതെറ്റിയെന്നും നിങ്ങളുടെ പരിപാടി നടക്കുന്നത് ഇവിടെയല്ലെന്നും ഞാനവനോട് പറഞ്ഞു. തനിക്ക് പറ്റിയ അമളിയോര്‍ത്ത് വിഷമിച്ചിരുന്ന അവനെ വണ്ടിയില്‍ കൊണ്ടുപോയാക്കുകയായിരുന്നു'. എംഎല്‍എ പറഞ്ഞു.

ഡല്‍ഹിയിലെ എഐ ഉച്ചകോടിക്കിടെ ഷർട്ടൂരി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ ബിജെപിയും പല സ്ഥലങ്ങളിലായി പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്.

Similar Posts