< Back
India
Arvind S Agrawal with local Kashmiri guide Nazakat Ahmed Shah
India

" ജീവൻ പണയപ്പെടുത്തി നിങ്ങൾ ഞങ്ങളെ രക്ഷിച്ചു, നസ്കത്ത് ഭായി നിങ്ങൾ ചെയ്ത സഹായത്തിന് ഞങ്ങളെന്ത് പകരം തരും'; കശ്മീരി ഗെയ്‍ഡിന് നന്ദി പറഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍

Web Desk
|
25 April 2025 10:52 AM IST

തന്നെയും കുടുംബത്തെയും രക്ഷിച്ചതിന് പ്രാദേശിക കശ്മീരി ഗൈഡായ നസ്കത്ത് അഹമ്മദ് ഷായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു

ശ്രീനഗര്‍: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്‍റെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെ മുക്തമായിട്ടില്ല. ഉറ്റവര്‍ കൺമുന്നിൽ മരിച്ചുവീഴുന്നതു കണ്ട നിസ്സഹായരായ ഒരു പറ്റം ആളുകളുടെ നിലവിളികളാണ് കശ്മീരി താഴ്വരയിൽ ഇപ്പോഴും മുഴങ്ങുന്നത്. ആക്രമണത്തിന്‍റെ ക്രൂരത വെളിവാക്കുന്ന പോസ്റ്റുകളാണ് സോഷ്യൽമീഡിയ നിറയെ. ഇതിനിടയിൽ, ബിജെപി പ്രവർത്തകൻ അരവിന്ദ് എസ്. അഗർവാളിന്‍റെ കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്നെയും കുടുംബത്തെയും രക്ഷിച്ചതിന് പ്രാദേശിക കശ്മീരി ഗൈഡായ നസ്കത്ത് അഹമ്മദ് ഷായ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. "നിങ്ങളുടെ ജീവൻ പണയപ്പെടുത്തി നിങ്ങൾ ഞങ്ങളെ രക്ഷിച്ചു. നസ്കത്ത് ഭായി നിങ്ങൾ ചെയ്ത ഉപകാരത്തിന് പകരം തരാൻ ഞങ്ങളുടെ കൈയിൽ ഒന്നുമില്ല'' അഗര്‍വാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം ഷാക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ''എല്ലാം സമാധാനപരമായിരുന്നു. ഞാൻ ഫോട്ടോ എടുക്കുകയായിരുന്നു. പെട്ടെന്നാണ് വെടിവെപ്പ് ഉണ്ടായത്. ആ സമയം എന്‍റെ ഭാര്യയും നാല് വയസുള്ള മകളും അൽപം അകലെയായിരുന്നു. എന്‍റെ ഗൈഡ് നസ്കത്തും (28) അവരോടൊപ്പമുണ്ടായിരുന്നു. മറ്റൊരു ദമ്പതികളും അവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു, ”അഗർവാൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

"വെടിവെപ്പ് തുടങ്ങിയപ്പോൾ, നസ്കത്ത് എല്ലാവരോടും നിലത്ത് വീണ് കിടക്കാൻ ആവശ്യപ്പെട്ടു. എന്‍റെ മകളെയും സുഹൃത്തിന്‍റെ മകനെയും കെട്ടിപ്പിടിച്ചു, അവരുടെ ജീവൻ രക്ഷിച്ചു. പിന്നെ അയാൾ അവരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. പിന്നീട് എന്‍റെ ഭാര്യയെ രക്ഷിക്കാൻ തിരിച്ചുവന്നു. നസ്കത്ത് അവിടെ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് എനിക്കറിയില്ല. എന്‍റെ ഭാര്യയുടെ വസ്ത്രങ്ങൾ കീറിയിരുന്നു, പക്ഷേ നാട്ടുകാർ അവൾക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകി, ”അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ നിന്നിരുന്നിടത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ അകലെ സിപ്പ് ലൈനിന് സമീപമാണ് വെടിവെപ്പ് നടന്നതെന്ന് നസ്കത്ത് പറഞ്ഞു . '' ആദ്യം ഞാൻ ചുറ്റുമുള്ള എല്ലാവരോടും നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. പിന്നെ ഞാൻ വേലിയിൽ ഒരു വിടവ് കണ്ടെത്തി കുട്ടികളെ അതിലൂടെ സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോയി. തീവ്രവാദികൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നതിന് മുമ്പ് ഞങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഷായുടെ ബന്ധുവും കുതിരസവാരിക്കാരനുമായ ആദിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

View this post on Instagram

A post shared by Arvind S Agrawal (@arvindsagrawal)

Similar Posts