< Back
India
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബിഎൽഒമാരുടെ പ്രതിഷേധം
India

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ ബിഎൽഒമാരുടെ പ്രതിഷേധം

Web Desk
|
1 Dec 2025 4:14 PM IST

കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം

കൊൽക്കത്ത: എസ്‌ഐആറിന്റെ പേരിൽ വലിയ ജോലി സമ്മർദം അടിച്ചേൽപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് പശ്ചിമ ബംഗാളിൽ പ്രതിഷേധവുമായി ബിഎൽഒമാർ. കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനു മുന്നിൽ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.

പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കൾ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎൽഒമാരുടെ പ്രതിഷേധമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൊൽക്കത്ത പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയിൽ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ജോലിയെടുക്കാൻ തയ്യാറാണെന്നും എന്നാൽ ഇത്തരത്തിൽ അടിച്ചമർത്തലും അമിതമായ ജോലി സമ്മർദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎൽഒമാർ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തത്.

ഉത്തർപ്രദേശിൽ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത മൊറാബാദ് സ്വദേശിയായ ബിഎൽഒയുടെ ആത്മഹത്യക്ക് മുൻപേയുള്ള വിഡിയോ പുറത്തുവന്നിരുന്നു. തനിക്ക് ഇനിയും ജീവിക്കണം പക്ഷെ നിസ്സഹായനാണ് എന്നാണ് കരഞ്ഞുകൊണ്ട് ബിഎൽഒ വിഡിയോയിൽ പറയുന്നത്. നോയിഡയിൽ 60 ബിഎൽഒമാർക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെ ഉത്തർപ്രദേശിൽ കടുത്ത നടപടികളാണ് ബിഎൽഒമാർക്കെതിരെ എടുത്തിരുന്നത്.

Similar Posts