
രണ്ടു ഭാര്യമാർ, മൂന്നാമത്തെ പങ്കാളിയുമായി പണത്തെച്ചൊല്ലി തർക്കം; യുപിയിൽ വീണ്ടും 'ബ്ലൂ ഡ്രം' കൊലപാതകം, മുൻ റെയിൽവെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
|രണ്ട് ഭാര്യമാരുള്ള രാം സിങ് പ്രീതിയുമായി ലിവിങ് ടുഗെതറിലായിരുന്നു
ലഖ്നൗ: ഉത്തർപ്രദേശിൽ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുൻ റെയിൽവെ ഉദ്യോഗസ്ഥൻ. പ്രണയബന്ധത്തിലുണ്ടായ തർക്കത്തെത്തുടർന്ന് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിൽ തന്നെ നടന്ന 'ബ്ലൂ ഡ്രം' കൊലപാതകത്തിന് സമാനമായ രീതിയിൽ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതാണ് അധികൃതരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.
വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥനായ രാം സിങും(62) കൊല്ലപ്പെട്ട പ്രീതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. നേരത്തെ രണ്ട് ഭാര്യമാരുള്ള രാം സിങ് പ്രീതിയുമായി ലിവിങ് ടുഗെതറിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ ഉണ്ടായ തർക്കം അക്രമാസക്തമാവുകയും പ്രതി യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മൃതദേഹം ഭാഗികമായി കത്തിക്കുകയും ചെയ്തു. തുടർന്ന് അവശിഷ്ടങ്ങൾ ഒരു വലിയ ഡ്രമ്മിനുള്ളിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു ഇയാളുടെ പദ്ധതി.
പ്രതിയുടെ സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഡ്രമ്മിനുള്ളിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സമീപകാലത്ത് ഉത്തർപ്രദേശിൽ ഉണ്ടായ സമാനമായ കൊലപാതക പരമ്പരകൾ സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഒരു യുവതിയുടെ മൃതദേഹം നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കണ്ടെത്തിയ സംഭവം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ കേസ് രജിസ്റ്റർ ചെയ്യുന്നത്.